അമേരിക്കയില്‍ വിസ റദ്ദാക്കിയ വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേരും ഇന്ത്യക്കാര്‍; ആദ്യപാദത്തില്‍ ട്രംപിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെങ്കിലും പ്രതിഷേധം ശക്തം

അമേരിക്കയില്‍ വിസ റദ്ദാക്കിയ വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേരും  ഇന്ത്യക്കാര്‍; ആദ്യപാദത്തില്‍ ട്രംപിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെങ്കിലും പ്രതിഷേധം ശക്തം

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ വിസ റദ്ദാക്കിയ വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. 327 വിദേശ വിദ്യാര്‍ഥികളുടെ വിസയാണ് റദ്ദ് ചെയ്തത്. അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷക സംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷനാണ് ഇക്കാര്യം (എഐഎല്‍എ) വെളിപ്പെടുത്തിയത്.

സ്റ്റുഡന്റ്സ് ആന്‍ഡ് എക്‌സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ (സെവിസ്) വിദ്യാര്‍ഥി വിസാപദവി റദ്ദാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കണക്ക്. 14 ശതമാനം പേര്‍ ചൈനയില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും.

അതിനിടെ ട്രംപിന്റെ രണ്ടാം പ്രസിഡന്‍ഷ്യല്‍ പദവിയിലെ ആദ്യപാദ അഭിപ്രായ വോട്ടെടുപ്പില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഗാലപ്പിയില്‍ നിന്നുള്ള ഏറ്റവും പുതിയ വോട്ടെടുപ്പില്‍ ട്രംപിന്റെ ആദ്യ പാദത്തെ പ്രകടനം 45 ശതമാനത്തോളം വോട്ടര്‍മാര്‍ അംഗീകരിക്കുന്നുവെന്നാണ് കണക്ക്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇതേ കാലയളവില്‍ 41 ശതമാനമായിരുന്നു പിന്തുണ.

അതേസമയം ട്രംപ് ഭരണകൂടത്തിനെതിരേ അമേരിക്കയില്‍ പ്രതിഷേധവും ശക്തമാവുകയാണ്. പതിനായിരങ്ങളാണ് വീണ്ടും തെരുവില്‍ പ്രതിഷേധിച്ചത്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് അടക്കം നിരവധി നഗരങ്ങളില്‍ ഇന്നലെ പ്രതിഷേധം അരങ്ങേറി.

50 പ്രതിഷേധങ്ങള്‍, 50 സംസ്ഥാനങ്ങള്‍, ഒരു മുന്നേറ്റം എന്ന അര്‍ത്ഥത്തില്‍ '50501' എന്ന പേരിലാണ് പ്രതിഷേധം അരങ്ങേറുന്നത്. അമേരിക്കന്‍ വിപ്ലവ യുദ്ധത്തിന്റെ 250-ാം വാര്‍ഷികത്തെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു പ്രതിഷേധം.

വൈറ്റ് ഹൗസിനും ടെസ്ല ഡീലര്‍ഷിപ്പുകള്‍ക്കും പുറത്ത് പ്രതിഷേധം അരങ്ങേറി. 'അമേരിക്കയില്‍ രാജാക്കന്മാര്‍ വേണ്ട', 'സ്വേച്ഛാധിപത്യത്തെ ചെറുക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തിയതിനേയും പ്രതിഷേധക്കാരില്‍ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എല്‍ സാല്‍വദോറിലേക്ക് തെറ്റായി നാടുകടത്തപ്പെട്ട കില്‍മര്‍ അബ്രെഗോ ഗാര്‍സിയയെ തിരിച്ചുകൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.