കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോഡ് കാലിക്കടവില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
ജില്ലകളില്‍ കോടികള്‍ മുടക്കിയുള്ള വിവിധ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെയെന്നാണ് പുറത്തു വരുന്ന കണക്കുകള്‍. പരിപാടികള്‍ക്കായി ഓരോ ജില്ലയിലും ഒന്നരക്കോടി വെച്ച് 20 കോടിയിലേറെ വേറെ ചെലവാക്കും.
കിഫ്ബിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് പന്തലും പ്രദര്‍ശന ശാലകളും കെട്ടാന്‍ പണം നല്‍കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സമാഹരിക്കുന്ന പണത്തില്‍ നിന്നാണ് ഇത് നല്‍കുന്നത്. പ്രചാരണത്തിനും മറ്റു ചെലവുകള്‍ക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു. ഇത് പബ്ലിക് റിലേഷന്‍ വകുപ്പാണ് ചെലവിടുന്നത്.
ഇതു കൂടാതെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അവയുടെ ചെലവ് കണ്ടെത്തേണ്ടി വരും. ഏഴ് ദിവസമാണ് ജില്ലകള്‍തോറും 'എന്റെ കേരളം' പ്രദര്‍ശനം. പ്രദര്‍ശന-വിപണന മേളയ്ക്ക് സ്റ്റാളുകള്‍ക്കും മറ്റുമായി എയര്‍ കണ്ടീഷന്‍ ചെയ്ത കൂറ്റന്‍ പന്തല്‍ വേണം. 48,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലാണ് ഉദ്ഘാടന സമ്മേളനത്തിനായി കാസര്‍കോഡ് തയ്യാറാക്കിയത്.
ഇത്തവണ 11 ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ക്കാണ് കരാര്‍. രണ്ടാം വാര്‍ഷികത്തിന് ജില്ലയൊന്നിന് ഏകദേശം 1.29 കോടി ചെലവായെന്നാണ് കണക്ക്. പന്തലിന് പണം നല്‍കാന്‍ തത്ത്വത്തില്‍ അനുമതിയായതായി കിഫ്ബി അധികൃതര്‍ പറഞ്ഞു. എസ്റ്റിമേറ്റ് എത്രയെന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്നാണ് വിശദീകരണം.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സമരത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന സര്‍ക്കാരാണ് നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നത്.
എന്നാല്‍ ഭരണാനുമതി കിട്ടുന്ന അത്രയും തുക ചെലവിടാറില്ലെന്നാണ് പിആര്‍ഡിയുടെ വിശദീകരണം. അതേസമയം ഇത്തവണ ചെലവ് പരമാവധി ചുരുക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്. പ്രദര്‍ശനത്തില്‍ അറുപത് ശതമാനം വാണിജ്യ സ്റ്റാളുകളായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇവയില്‍നിന്ന് വരുമാനം കിട്ടുമെന്നും മന്ത്രി അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.