ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് കുട്ടികളും യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നു. കുടുംബമായി ഇന്നലെ ആണ് കാശ്മീരിലേക്ക് പോയത്. മറ്റ് കുടുംബാംഗങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്.
രാമചന്ദ്രന്‍ നേരത്തെ ഗള്‍ഫിലായിരുന്നു. മകന്‍ ബംഗളുരുവിലാണ് ഉടന്‍ ശ്രീനഗറിലേക്ക് പുറപ്പെടും. കൂടുതല്‍ മലയാളികള്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കുകയാണ്.
പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊച്ചിയിലെ നാവിക സേന ഓഫിസറും കൊല്ലപ്പെട്ടു. ഹരിയാന സ്വദേശി ലഫ്റ്റനന്റ് വിനയ് നര്‍വാള്‍ ആണ് കൊല്ലപ്പെട്ടത്. ഈ മാസം 16 ന് വിവാഹിതനായ വിനയ് അവധിയിലായിരുന്നു.
അതേസമയം ജമ്മു കാശ്മീരില്‍ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് തെക്കന്‍ കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടന്ന പഹല്‍ഗാമില്‍ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് വിവരം.
കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുല്‍മേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹല്‍ഗാം. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയിലെ പുല്‍മേടുകളില്‍ നിന്നാണ് വെടിയൊച്ചകള്‍ കേട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ട്രക്കിങിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.