ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് രാജ്യം: പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി; മരണ സംഖ്യ 28 ആയി

ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് രാജ്യം: പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി; മരണ സംഖ്യ 28 ആയി

ലഷ്‌കറെ ത്വയ്ബ അനുകൂല സംഘടനായ ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടുങ്ങി രാജ്യം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരുമായി വിമാനത്താവളത്തില്‍ വെച്ച് മോഡി അടിയന്തര യോഗം ചേര്‍ന്നു.

ഭീകരാക്രമണത്തില്‍ 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും. ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

ലഷ്‌കറെ ത്വയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. നാല് ഭീകരരാണ് നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. പ്രദേശത്ത് ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നാഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് പഹല്‍ഗാമിലെത്തും. ഇന്നലെ കാശ്മീരിലെത്തിയ അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ്എ-പെറു ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ രാജ്യത്തേക്ക് മടങ്ങിയെത്തും.

ഭീകരാക്രമണത്തെ അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോഡിയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. ജമ്മു കാശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ ഉണ്ടായത്. പട്ടാള വേഷത്തില്‍ എത്തിയ അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്ക് അടുത്ത് വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.