പഹല്‍ഗാം ഭീകരാക്രമണം: ഡല്‍ഹിയില്‍ ഇന്ന് സര്‍വകക്ഷിയോഗം; പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കും

പഹല്‍ഗാം ഭീകരാക്രമണം: ഡല്‍ഹിയില്‍ ഇന്ന് സര്‍വകക്ഷിയോഗം; പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കും

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. പാര്‍ലമെന്റ് അനക്‌സില്‍ വൈകുന്നേരം ആറിന് യോഗം ആരംഭിക്കും. യോഗത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഡിഎംകെ, ടിഎംസി, ടിഡിപി, ശിവസേന, ജെഡിയു, ആര്‍ജെഡി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും.

കേന്ദ്ര മന്ത്രിസഭാ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതിന് പിന്നാലെയാണ് വ്യാഴാഴ്ച സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്നാഥ് സിങും വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി സംസാരിക്കും. ഭീകരാക്രമണത്തിന്റെ വിശദാംശങ്ങളും സ്വീകരിച്ച തുടര്‍ നടപടികളും യോഗത്തില്‍ വിശദീകരിക്കും.

ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനേക്കുറിച്ച് വ്യക്തമായതോടെ കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുകയാണെന്നാണ് സൂചന. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം പരിമിതപ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. പാകിസ്ഥാന്‍ ബന്ധം ഭീകരാക്രമണത്തിനു പിന്നിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് സുരക്ഷാസമിതി യോഗം വിലയിരുത്തി. പാകിസ്ഥാന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനമെടുത്തതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. സുരക്ഷാ സേനകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിങ്, എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കും വരെ 1960 ലെ സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനും തീരുമാനമാനിച്ചിരുന്നു. സാര്‍ക് വിസയിളവ് അനുസരിച്ച് ഇന്ത്യയില്‍ സഞ്ചരിക്കാന്‍ പാകിസ്ഥാന്‍ പൗരരെ അനുവദിക്കില്ല. ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനകം രാജ്യംവിടണം. മുന്‍പ് അനുവദിച്ച വിസ റദ്ദാക്കും.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഹൈക്കമ്മിഷന്റെ അംഗബലം 55 ല്‍ നിന്ന് 30 ആക്കും. പാക് പൗരര്‍ക്ക് ഇനി എസ്.വി.ഇ.എസ് വിസ നല്‍കില്ല. അമൃത്സറിലെ വാഗ-അട്ടാരി അതിര്‍ത്തി അടച്ചിടും. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന ചെക്പോസ്റ്റാണിത്. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ പാകിസ്ഥാന്റെ പ്രതിരോധ അറ്റാഷെമാരെ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണം. കൂടാതെ പാകിസ്ഥാനിലെ ഡിഫന്‍സ് അറ്റാഷെമാരെയും ഇന്ത്യ പിന്‍വലിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.