പ്രകോപനം തുടരുന്നു: ഏഴാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; അതിര്‍ത്തിയില്‍ ജാമറുകള്‍ സ്ഥാപിച്ച് ഇന്ത്യ

പ്രകോപനം തുടരുന്നു: ഏഴാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; അതിര്‍ത്തിയില്‍ ജാമറുകള്‍ സ്ഥാപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം. തുടര്‍ച്ചയായ ഏഴാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയില്‍ കുപ്വാര, ഉറി, അഖിനൂര്‍ സെക്ടറുകളിലാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

വടക്കന്‍ കാശ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളിലെ നിയന്ത്രണരേഖയിലെ നിരവധി പോസ്റ്റുകളിലേക്കാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. പിന്നാലെ പൂഞ്ച് സെക്ടറിലും, രജൗരി ജില്ലയിലെ സുന്ദര്‍ബാനി, നൗഷേര, ജമ്മു മേഖലയിലെ അഖ്നൂര്‍ സെക്ടറിലും വെടിവെപ്പുണ്ടായി.

ഏപ്രില്‍ 22 ന് പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്‌ലൈനില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു.

അതിനിടെ ഇന്ത്യ അതിര്‍ത്തിയില്‍ ജാമര്‍ സ്ഥാപിച്ചു. പാകിസ്ഥാന്‍ സൈനിക വിമാനങ്ങളുടെ നാവിഗേഷന്‍ തടയുക ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നടപടി. പാകിസ്ഥാന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്ന ജിപിഎസ് (യുഎസ്), ഗ്ലോനാസ് (റഷ്യ), ബീഡോ (ചൈന) എന്നിവയുള്‍പ്പെടെയുള്ള ഉപഗ്രഹ അധിഷ്ഠിത നാവിഗേഷന്‍ പ്ലാറ്റ്‌ഫോമുകളെ തടസപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യ സജ്ജീകരിച്ചിരിക്കുന്നത്. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ ഇന്നലെ മുതല്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.