വികസന കുതിപ്പില്‍ കേരളം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

 വികസന കുതിപ്പില്‍ കേരളം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോഡി കമ്മിഷന്‍ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകതകള്‍:

വിഴിഞ്ഞത്ത് സ്വാഭാവിക ആഴം 20 മീറ്റര്‍. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഏത് ചരക്കുകപ്പലും വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാം.

കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഡ്രജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്.

ലോകത്തെ തിരക്കേറിയ രണ്ട് രാജ്യാന്തര കപ്പല്‍ ചാലുമായി വളരെ അടുത്ത് കിടക്കുന്നു. ഇതിനാല്‍ കപ്പലുകള്‍ക്കു വന്നു പോകാനുള്ള സമയം (ടേണ്‍ എറൗണ്ട് ടൈം) വളരെ കുറച്ചു മതി.

ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്ന് വിഴിഞ്ഞത്തേയ്ക്ക് 10 നോട്ടിക്കല്‍ മൈല്‍ (18.52 കിലോമീറ്റര്‍) ദൂരം മാത്രം. കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളെക്കാള്‍ രാജ്യാന്തര കപ്പല്‍പ്പാതയുമായി അടുത്തു സ്ഥിതി ചെയ്യുന്നു.

ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെക്കൂടി കടന്നുപോകുന്ന ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയിലാണ്.

ആഫ്രിക്ക, യൂറോപ്, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ സിങ്കപ്പൂര്‍, ഹോങ്കോങ്, ചൈന, കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടി

ദുബായ് ഉള്‍പ്പെടെ മിക്ക തുറമുഖങ്ങളും 15 മീറ്റര്‍ ആഴം നിലനിര്‍ത്തുന്നത് ഡ്രജ്ജിങ് നടത്തി. 14 മീറ്റര്‍ മാത്രം ആഴമുള്ള വല്ലാര്‍പാടത്തുപോലും ഡ്രജ്ജിങ്ങിനായി ചെലവഴിക്കുന്നത് കോടികളാണ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിലൊന്നായ ഗുജറാത്തിലെ മുന്ദ്ര തുറമുഖവും രാജ്യാന്തര കപ്പല്‍ ചാലും തമ്മിലുള്ള അകലം കൂടുതലാണ്. വിഴിഞ്ഞത്തെ അപേക്ഷിച്ച് സ്വാഭാവിക ആഴവും കുറവാണ്. ആഴം 17 മീറ്റര്‍ മാത്രമായതിനാല്‍ വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ ഡ്രജ് ചെയ്ത ആഴം കൂട്ടേണ്ടതായി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.