വത്തിക്കാനില്‍ ഔദ്യോഗിക ദുഖാചരണം ഇന്ന് അവസാനിക്കും; പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കം തുടങ്ങി

വത്തിക്കാനില്‍ ഔദ്യോഗിക ദുഖാചരണം ഇന്ന് അവസാനിക്കും; പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കം തുടങ്ങി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം ഇന്ന് അവസാനിക്കും. ഇതോടെ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് ഏഴിന് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിലാണ് കോണ്‍ക്‌ളേവ് നടത്തുക. കോണ്‍ക്‌ളേവിന് മുന്നോടിയായുള്ള ചര്‍ച്ചക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.

മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന വിവരം ലോകത്തെ അറിയിക്കുന്നതിനുള്ള പുകക്കുഴല്‍ ചാപ്പലില്‍ സ്ഥാപിച്ചു. ദിവസവും രാവിലെയും വൈകിട്ടുമായി രണ്ടുവീതം വോട്ടെടുപ്പാണ് നടക്കുക. ഒരാള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഇത്തരത്തില്‍ വോട്ടെടുപ്പ് തുടരും. മാര്‍പാപ്പയെ തിരഞ്ഞെടുത്താല്‍ ചാപ്പലിലെ മണി മുഴങ്ങുകയും വെളുത്ത പുക വരുകയും ചെയ്യും. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള ബാല്‍ക്കണിയില്‍ നിന്ന് പുതിയ മാര്‍പാപ്പയെ പരിചയപ്പെടുത്തും. ‘ഹബേമുസ് പാപാം’ (നമുക്കൊരു മാര്‍പാപ്പയെ ലഭിച്ചു) എന്ന വാക്കുകളോടെയാണ് പുതിയ മാര്‍പാപ്പയെ പരിചയപ്പെടുത്തുക.

80 വയസില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമെന്നതിനാല്‍ നിലവിലുള്ള 252 കര്‍ദിനാള്‍മാരില്‍ 138 പേര്‍ക്കാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള രഹസ്യ ബാലറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.