'ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ': മോഡിയെ ഫോണില്‍ വിളിച്ച് പുടിന്‍

'ഭീകരവാദത്തിനെതിരായ  ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ': മോഡിയെ ഫോണില്‍ വിളിച്ച് പുടിന്‍

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പുടിന്‍ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പറഞ്ഞതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

'റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവഹാനിയില്‍ അദേഹം അഗാധമായ അനുശോചനം അറിയിക്കുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഹീനമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അദേഹം എടുത്തു പറഞ്ഞു'- രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്സിലൂടെ വ്യക്തമാക്കി.

ഇരു നേതാക്കളും തന്ത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. വിക്ടറി ഡേയുടെ 80-ാം വാര്‍ഷിക ആഘോഷത്തില്‍ പ്രധാനമന്ത്രി, പ്രസിഡന്റ് പുടിന് ആശംസകള്‍ അറിയിക്കുകയും ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്ക് അദേഹത്തെ ക്ഷണിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്ക്കോ ചൈനയ്ക്കോ കഴിയുമെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്‍ മോഡിയെ വിളിച്ച് പൂര്‍ണ പിന്തുണ അറിയിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.