'ഇസ്ലാമിനെതിരായ കടന്നാക്രമണത്തിന് പ്രതികാരം ചെയ്യും': ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ

'ഇസ്ലാമിനെതിരായ കടന്നാക്രമണത്തിന് പ്രതികാരം ചെയ്യും': ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ

ലാഹോര്‍:  ഇന്ത്യയ്ക്കെതിരെ ജിഹാദ് (വിശുദ്ധ യുദ്ധം) ആഹ്വാനം ചെയ്ത് ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി.

പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ നടത്തിയ കടന്നു കയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്നാണ് അല്‍ ഖ്വയ്ദ പറയുന്നത്. ഇതിനായി പാകിസ്ഥാന് പിന്നില്‍ അണിചേരാന്‍ സംഘടന ആവശ്യപ്പെട്ടു. 'പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആക്രമണം' എന്ന തലക്കെട്ടില്‍ അല്‍ ഖ്വയ്ദ ഇന്‍ ദ സബ്കോണ്ടിനെന്റ് ആണ് ഭീഷണി പ്രസ്താവന പുറത്തിറക്കിയിക്കുന്നത്.

'ഇന്ത്യയിലെ ഹിന്ദുത്വ-ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു. നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വര്‍ഗ രാജ്യം പൂകി.

ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ കറുത്ത അധ്യായങ്ങളിലൊന്നു കൂടിയാണ് ഈ ബോംബാക്രമണം. ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കുമെതിരായ ഇന്ത്യയുടെ യുദ്ധം പഹല്‍ഗാം ആക്രമണത്തിന് ശേഷം ആരംഭിച്ചതല്ല, അത് പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്.

ഇന്ത്യയിലെ മുസ്ലിങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലാണ് നേരിടുന്നത്. ഹിന്ദുത്വ ശക്തികള്‍ നയിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ഉപഭൂഖണ്ഡത്തില്‍ നിന്നും മുസ്ലിങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി സൈനികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ പരിശ്രമത്തിലാണ്' - അല്‍ ഖ്വയ്ദ പ്രസ്താവനയില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഇസ്ലാമിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങേണ്ടത് ഓരോ മുസ്ലിം പോരാളികളുടേയും കടമയാണെന്നും ഇസ്ലാമിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാംപുകളാണ് തകര്‍ത്തത്. ഭീകര സംഘടനകളായ ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയവയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര,വ്യോമ, നാവിക സേനകള്‍ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേനകള്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യ വസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്‍കി. ജമ്മുവില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.