ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശിശുക്കളിലെ ഹൃദയത്തകരാര്‍ പരിഹരിക്കുന്ന ഉപകരണം വികസിപ്പിക്കുന്ന ഗവേഷണത്തിന് വന്‍ തിരിച്ചടി. പദ്ധതിക്ക് 67 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സഹായ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് പദ്ധതിയ്ക്ക് തിരിച്ചടിയായത്. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക പരിഷ്‌കാരത്തിന്റെ പുതിയ ഉദാഹരണമാണിത്.
ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാല ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. ജയിംസ് ആന്റകിയുടെ നേതൃത്വത്തിലാണ് ഗവേഷണം. നവജാത ശിശുക്കളുടെയും മറ്റും ഹൃദയ ഭിത്തികളില്‍ സുഷിരങ്ങളുണ്ടാകുന്നത് വളരെ ഗുരുതര ആരോഗ്യ പ്രശ്‌നമാണ്. ഇതിന് പരിഹാരമായി വികസിപ്പിച്ചെടുത്തതാണ് പീഡിയാഫ്ളോ എന്ന ഉപകരണം.
ഇതിന്റെ സഹായത്തോടെ കുട്ടികളുടെ ജീവന്‍ അടുത്ത ശസ്ത്രക്രിയവരെ നീട്ടാന്‍ കഴിയുമെന്നാണ് തെളിയിക്കപ്പെട്ടത്. പെന്‍ടോര്‍ച്ച് ബാറ്ററിയുടെ വലുപ്പമുള്ളതാണ് ഉപകരണം. 2003 മുതല്‍ ഈ ദിശയില്‍ പുരോഗമിച്ച ഗവേഷണം ഉപകരണത്തിന്റെ നിര്‍മാണത്തിന് അടുത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയിലേക്ക് നാല് വര്‍ഷ കാലയളവില്‍ 67 കോടി ഡോളറിന്റെ സഹായം മാര്‍ച്ച് 30 ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഏപ്രില്‍ എട്ടിന് പ്രഖ്യാപനം പിന്‍വലിക്കുന്നതായി അറിയിപ്പ് വരികയായിരുന്നു.
വികസിപ്പിച്ചടുത്ത ഉപകരണത്തിന്റെ കൂടുതല്‍ പരീക്ഷണവും നിര്‍മാണവുമാണ് ഇതോടെ ത്രിശങ്കുവിലായത്. സഹായം മൂന്ന് മാസത്തിനകം പുനസ്ഥാപിച്ചില്ലെങ്കില്‍ പരീക്ഷണ ശാലയിലെ ജീവനക്കാരുടെയും മറ്റും എണ്ണം കുറയ്‌ക്കേണ്ടി വരുമെന്നതാണ് സ്ഥിതി. ലോകാരോഗ്യ സംഘടനയ്ക്കും മറ്റും നല്‍കിവരുന്ന സഹായവും അമേരിക്ക വെട്ടിക്കുറച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.