പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍: സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍:  സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തല്‍ നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കും.

ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിലയിരുത്തല്‍. വിഷയത്തില്‍ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ വെച്ചാണ് 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നാണ് സുധാകരന്‍ പറഞ്ഞത്.

തപാല്‍ വോട്ടുകള്‍ തിരുത്തിയത് അട്ടിമറിയാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ജി. സുധാകരനെതിരെ എഫ്‌ഐആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക.

സുതാര്യമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരു സ്ഥാനാര്‍ഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്. നടന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.