സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; സംസ്‌കാരം ഇന്ന്

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; സംസ്‌കാരം ഇന്ന്

കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് തുറവൂ‍ർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയാണ് ഐവിന്റെ മൃതദേഹം തുറവൂരിലെ വീട്ടിലെത്തിച്ചത്. തലയ്‌ക്കേറ്റ പരിക്കേറ്റാണ് ഐവിൻ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. നെടുമ്പാശേരിയിൽ വിമാനക്കമ്പനികൾക്കു ഭക്ഷണം തയാറാക്കി നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന ഐവിൻ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇതിനിടെയിൽ വാഹനത്തിനു സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഐവിനെ ഇടിച്ചു ബോണറ്റിൽ വീഴ്ത്തിയ കാർ ഒരു കിലോമീറ്ററോളം സഞ്ചരിച്ചു. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാർ കാർ നിർത്തി ഐവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മോഹൻ കുമാറിനെ കഴിഞ്ഞ ദിവസം പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രാഥമിക തെളിവെടുക്കലുകൾക്ക് ശേഷം വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കൊലപാതകക്കുറ്റമുൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ മോഹൻകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാട്ടുകാരുടെ കൈയേറ്റത്തിൽ പരിക്കേറ്റ വി​നയകുമാറിനെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ സീനിയർ ഫിസിയോതെറപ്പിസ്റ്റ് ആണ് ഐവിന്റെ പിതാവ് ജിജോ ജയിംസ്. മാതാവ് റോസ്മേരി പാലാ മാർ സ്ലീവാ മെ‍ഡിസിറ്റിയിലെ നഴ്സും. ഐവിന്റെ ഏക സഹോദരി അലീനയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.