സാംസണ് ഇത് രണ്ടാം ജന്മം: ജീവന്‍ കയ്യില്‍ പിടിച്ച് മൂന്ന് മണിക്കൂര്‍; ഒടുവില്‍ ജീവിതത്തിലേയ്ക്ക്

 സാംസണ് ഇത് രണ്ടാം ജന്മം: ജീവന്‍ കയ്യില്‍ പിടിച്ച് മൂന്ന് മണിക്കൂര്‍; ഒടുവില്‍ ജീവിതത്തിലേയ്ക്ക്

ഇടുക്കി: സാംസണ്‍ ജോര്‍ജിന് ഇത് രണ്ടാം ജന്മം. 1500 അടിയില്‍ കൂടുതല്‍ താഴ്ചയുള്ള കൊക്കയിലേലേയ്ക്ക് വീണ സാംസണ്‍ 75 അടി താഴെ പുല്ലും മരവുമുള്ള തിട്ടയില്‍ തങ്ങിനില്‍ക്കുകയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ അനുസ്മരിപ്പിക്കും വിധം ജീവന്‍ കൈയില്‍പ്പിടിച്ച് മൂന്ന് മണിക്കൂര്‍ കിടന്നു. ഒടുവില്‍ ഇരുട്ടും മഞ്ഞും മഴയും എല്ലാം അതിജീവിച്ച് അഗ്നിരക്ഷാ സേനയാണ് സാംസണെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തത്.

തൊടുപുഴ അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് സാഹസികമായാണ് സാംസണെ രക്ഷിച്ചത്. കൂവപ്പുറം അറയ്ക്കത്തോട്ടത്തില്‍ സാംസണ്‍ ജോര്‍ജ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടത്തില്‍പ്പെട്ടത്. സാംസന്റെ വാരിയെല്ല് പൊട്ടി. ദേഹം പലയിടത്തും ഉരഞ്ഞു. തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോടമഞ്ഞിറങ്ങുന്ന പ്രദേശമാണ് കോട്ടപ്പാറ വ്യൂ പോയിന്റ്. ഇത് കാണുന്നതിനാണ് സാംസണും സുഹൃത്തുക്കളായ ശിവാജിയും വിഷ്ണുവും പുലര്‍ച്ചെ എത്തിയത്. ഈ സമയം ശക്തമായ മഴ പെയ്തു. ഇതിനിടെ സാംസണ്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു.

സാംസണെ കാണാതായതോടെ സുഹൃത്തുക്കള്‍ ഭയന്നു. ചുറ്റും തിരഞ്ഞപ്പോഴാണ് താഴെ നിന്ന് ശബ്ദം കേട്ടത്. ഉടന്‍ സുഹൃത്തുക്കള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചു. അവിടെ നിന്ന് കാളിയാര്‍ പൊലീസിനെയും വിവരം അറിയിച്ചു. 3:20 ഓടെ തൊടുപുഴ അഗ്നിരക്ഷാസേനാ ഓഫീസിലേക്കും വിളിച്ചു.

വന്‍ കയറ്റിറക്കവും കൊടുംവളവുമുള്ള പാതയിലൂടെ അഗ്നിരക്ഷാസേന 3:46 ന്, 25 കിലോമീറ്റര്‍ അകലെയുള്ള സംഭവസ്ഥലത്തെത്തി. ഇതിനിടെ കാളിയാര്‍ പൊലീസും എത്തച്ചേര്‍ന്നു. അഗ്നിരക്ഷാസേനാംഗം സേഫ്റ്റി ഹാര്‍നസും റോപ്പുമായി ചെങ്കുത്തായ പാറക്കെട്ടിലൂടെ താഴേക്ക് ഇറങ്ങി.

സാംസണ്‍ തിട്ടയില്‍ നിന്ന് താഴെപ്പോയിരുന്നെങ്കില്‍ വലിയ ദുരന്തമായേനെ. യുവാവിനെ വലയില്‍ കയറ്റി പൊലീസുകാരുടെ കൂടി സഹായത്തോടെയാണ് മുകളില്‍ എത്തിച്ചത്. പിന്നീട് ഒരു കിലോമീറ്റര്‍ ചുമന്നാണ് ആംബുലന്‍സില്‍ എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.