മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 19 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. ഇടത് സ്വതന്ത്രന്‍ പി.വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ജൂണ്‍ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26 ന് ഉണ്ടാകും. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ രണ്ടും നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തിയതി ജൂണ്‍ അഞ്ചുമാണ്.
പി.വി അന്‍വര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇടത് മുന്നണിയെ സംബന്ധിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് മുഖ്യ പരിഗണനയിലുള്ളത്.
വി.എസ് ജോയ് സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും പിവി അന്‍വറും. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാല്‍ ആര്യാടന്‍ ഷൗക്കത്ത് ഇടത് സ്വതന്ത്രനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നാണ് ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ യു. ഷറഫലി, പ്രൊഫസര്‍ തോമസ് മാത്യു തുടങ്ങിയ സ്വതന്ത്രരുടെ പേരുകള്‍ സിപിഎം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷബീറിനെയോ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാറിനും സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല എം. സ്വരാജിനുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.