നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാകണമെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി; പിന്നാലെ അഡ്വ. ബീന ജോസഫിനെ വിളിപ്പിച്ച് വി.ഡി സതീശന്‍

നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാകണമെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി; പിന്നാലെ അഡ്വ. ബീന ജോസഫിനെ വിളിപ്പിച്ച് വി.ഡി സതീശന്‍

മലപ്പുറം: നിലമ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകണമെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി നേതാവ് എം.ടി രമേശ് സമീപിച്ചതിന് പിന്നാലെ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. സതീശന്‍ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു.

നിലമ്പൂരില്‍ മത്സരത്തിനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ പാര്‍ട്ടി നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് വനിതാ നേതാവിനെ തന്നെ ബിജെപി നേതാക്കള്‍ സമീപിച്ചത്. നിലമ്പൂരില്‍ മത്സരിക്കാന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള നേതാവ് കൂടിയാണ് അഡ്വ. ബീന ജോസഫ്.

'എം.ടി രമേശ് വന്നു ചര്‍ച്ച നടത്തി എന്നത് ശരിയാണ്. അദേഹം പറഞ്ഞതും ചര്‍ച്ച ചെയതതുമായ കാര്യങ്ങള്‍ പൂര്‍ണമായും പരസ്യപ്പെടുത്തുന്നത് ശരിയല്ല. നിലമ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. ബിജെപിക്കായി മത്സരിക്കാനില്ല.

രഹസ്യമായി പറഞ്ഞ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. മഞ്ചേരി നഗരസഭയില്‍ ബിജെപിയെ ആണ് മത്സരിച്ച് പരാജയപ്പെടുത്തിയത്. ജനപ്രതിനിധിയാകാന്‍ സാധിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണ് മൂന്ന് തവണ തിരഞ്ഞെടുത്തത്'- ബീന പ്രതികരിച്ചു.

സ്ഥാനാര്‍ഥി വിഷയത്തില്‍ ബിജെപിയുമായി ചര്‍ച്ചയ്ക്ക് പോകില്ല. അവര്‍ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കാനും ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കാനുമാണ് തന്റെ തീരുമാനമെന്നും ബീന ജോസഫ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.