കുറവിലങ്ങാട്: നിധീരിക്കല്‍ മാണിക്കത്തനാരുടെ ജയന്തി ആചരണം അദേഹത്തിന്റെ കുറവിലങ്ങാടുള്ള ജന്മഗൃഹത്തില്‍ നടന്നു. മാണിക്കത്തനാരുടെ നേതൃത്വത്തില്‍ ആരംഭിച്ച നസ്രാണി ജാതി ഐക്യ സംഘത്തിന്റെ ആനുകാലിക പ്രസക്തി ജയന്തി ആചരണത്തോടനുബന്ധിച്ച് വീണ്ടും ചര്‍ച്ചയായി.
മാണിക്കത്തനാരുടെ ജന്മഗൃഹത്തില്‍ അദേഹം ഉപയോഗിച്ച സുറിയാനിയിലുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച നസ്രാണി സമുദായ ഐക്യ സമ്മേളനത്തില്‍ പാലാ രൂപത ബിഷപ്പും സീറോ മലബാര്‍ സഭയുടെ സഭൈക്യ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
നിധീരിക്കല്‍ മാണിക്കത്തനാര്‍ നസ്രാണികളുടെ സിംഹമാണെന്നും ആര്‍ക്കും എളുപ്പത്തില്‍ അനുകരിക്കാനാവുന്ന വ്യക്തിത്വമല്ല മാണിക്കത്തനാരുടേതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ഐക്യം സഭകള്‍ക്ക് ആവശ്യമാണെന്നും സമൂഹം നേരിട്ട തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിച്ച സമുദായ നേതാവായിരുന്നു മാണിക്കത്തനാരെന്നും യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനുമായ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പൗരസ്ത്യ പാരമ്പര്യങ്ങളുടെ നിധി ഇരിക്കുന്ന കുടുംബമാണ് നിധീരിക്കല്‍ പോലെയുള്ള നസ്രാണി കുടുംബങ്ങളെന്നും സുറിയാനി ക്രിസ്ത്യാനികളുടെ വിമോചന സമര നേതാവുമായിരുന്നു നിധീരിക്കല്‍ മാണിക്കത്തനാരെന്നും പൗരസ്ത്യ കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ ഔഗേന്‍ മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭയുടെ മാണിക്യമായിരുന്നു മാണിക്കത്തനാരെന്നും അദേഹം സുറിയാനി സഭകള്‍ ഒന്നിച്ചു നില്‍ക്കുന്നതിനായി തീക്ഷ്ണമായി പരിശ്രമിച്ചെന്നും മാര്‍ത്തോമാ സഭയുടെ അടൂര്‍ ഭദ്രാസന അധ്യക്ഷന്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു.
ജാതി ഐക്യ സംഘം എന്ന ആശയവും സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ്മയാചരണവും അദേഹത്തോടുള്ള ആദരവും വിശ്വസ്തതയും ആത്മാര്‍ത്ഥമാകുന്നതെന്ന് സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായ ഫാ. സിറില്‍ തോമസ് തയ്യില്‍ വ്യക്തമാക്കി.
എല്ലാ ദേശങ്ങളിലും ഗ്രാമ സാമാജിക യോഗങ്ങള്‍ അദേഹം മുന്നോട്ടു വെച്ച അടിസ്ഥാന ആശയം ആണെന്നും ഇത് പ്രാവര്‍ത്തികമാക്കാനായി സഭാ വ്യത്യാസം കൂടാതെ നസ്രാണികള്‍ ഒത്തുകൂടിയാല്‍ സമുദായത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തി സമുദായത്തെയും സഭകളെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, എകെസിസി പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ നസ്രാണി സഭകളില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും അടങ്ങുന്ന പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമുദായ ഉന്നമനത്തിനായി ത്യാഗം അനുഷ്ഠിച്ച വ്യക്തികളെയും പ്രത്യേക സംഭാവനകള്‍ നല്‍കിയവരെയും സമ്മേളനത്തില്‍ ആദരിച്ചു.
റവ.ഡോ. സേവ്യര്‍ കൂടപ്പൂഴ, ഫാ. സാജു കീപ്പനശേരി, ഫാ. ജോസ് കോട്ടയില്‍, ജോണ്‍ കച്ചിറമറ്റം, ജോസുകുട്ടി ആയാംകുടി, ബിനു ചങ്ങനാശേരി, ജോയി മൂക്കന്‍തോട്ടം, അമല്‍ കുടമാളൂര്‍, ജിജി ളാനിത്തോട്ടം, ബെന്നി മുറിഞ്ഞപുഴ, ഡേവിസ് എരുമപ്പെട്ടി എന്നിവരെയാണ് ആദരിച്ചത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.