വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വലിയ മനോഹര ബില്‍' എന്ന് വിശേഷിപ്പിക്കുന്ന നികുതി, ചെലവ് കുറയ്ക്കല്‍ ബില്‍ സെനറ്റില്‍ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്. ട്രംപിന്റെ പുതിയ ബില്ലിനെ 'കടം, അടിമത്ത ബില്‍' എന്ന് വിശേഷിപ്പിച്ച മസ്‌ക് ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഭീഷണി മുഴക്കി.
ട്രംപിന്റെ പുതിയ ബില്‍ സാധാരണക്കാരായ അമേരിക്കക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് മസ്‌കിന്റെ വാദം. കടപരിധി അഞ്ച് ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുന്ന ഈ ബില്ലില്‍ നിന്ന് ഒരു കാര്യം വ്യക്തമാണെന്നും ഒരു ഏകകക്ഷി ഭരണം നടക്കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ആ കക്ഷിയാണ് പോര്‍ക്കി പിഗ് പാര്‍ട്ടി എന്നും മസ്‌ക് എക്സില്‍ കുറിച്ചു.
ജനങ്ങളുടെ കരുതലിനായി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സമയമായെന്നും അദേഹം വ്യക്തമാക്കി. ബില്ലിനെ പിന്തുണയ്ക്കുന്ന യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കെതിരേയും മസ്‌ക് വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിനായി പ്രചാരണം നടത്തുകയും ചരിത്രത്തിലെ ഏറ്റവും വലിയ കട വര്‍ധനവിന് ഇടയാക്കുന്ന ബില്ലിന് വോട്ട് ചെയ്യുകയും ചെയ്ത ഓരോ കോണ്‍ഗ്രസ് അംഗങ്ങളും ലജ്ജിച്ച് തലതാഴ്ത്തണമെന്നുമായിരുന്നു മസ്‌കിന്റെ വിമര്‍ശനം. ഈ ഭ്രാന്തന്‍ ബില്‍ പാസായാല്‍ അടുത്ത ദിവസം തന്നെ അമേരിക്ക പാര്‍ട്ടി രൂപീരിക്കുമെന്നും ഡെമോക്രാറ്റ് പാര്‍ട്ടിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ബദലായി, ജനങ്ങളുടെ ശബ്ദമാകുന്ന ഒരു പാര്‍ട്ടി നമ്മുടെ രാജ്യത്തിന് ആവശ്യമാണെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ മേഖലയ്ക്കും ഊര്‍ജ ഉല്‍പാദന രംഗത്തും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ ധനസഹായം ആവശ്യപ്പെടുന്നതാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍. അതോടൊപ്പം ആരോഗ്യ, പോഷകാഹാര പദ്ധതികളിലെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് ട്രംപിന്റെ പുതിയ ബില്‍. നികുതി, ആരോഗ്യസംരക്ഷണം, അതിര്‍ത്തി സുരക്ഷ തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ നാലിന് മുമ്പ് സെനറ്റില്‍ ബില്‍ പാസാക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.