അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ വൃക്കരോഗികളുടെ മരണം അനധികൃത മരുന്ന് പരീക്ഷണംമൂലമെന്ന് സംശയം. പരീക്ഷണങ്ങള്‍ക്ക് ഇരയായ 741 വൃക്കരോഗികളുടെ മരണം സംബന്ധിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. 1999-2017 കാലത്താണ് ഈ മരണങ്ങലെല്ലാം സംഭവിച്ചത്.
അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ അനുവാദമില്ലാത്ത മരുന്ന് പരീക്ഷണങ്ങളിലൂടെ ഡോക്ടര്‍മാര്‍ പണം വെട്ടിച്ച സംഭവം പുറത്തായതിന് പിന്നാലെയാണ് വൃക്കരോഗികളുടെ മരണവും പുറത്ത് വന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍(ഐകെഡിആര്‍സി) സ്റ്റെം സെല്‍ തെറാപ്പി പരീക്ഷണങ്ങള്‍ക്ക് വിധേയരായ 2352 രോഗികളില്‍ 741 പേരാണ് മരിച്ചത്.
ആശുപത്രിയില്‍ അനുമതിയില്ലാതെ നടത്തുന്ന സ്റ്റെംസെല്‍ തെറാപ്പി പരീക്ഷണങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ളാന്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. 1999-2017 കാലത്തുണ്ടായ ഈ മരണങ്ങള്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. 91 ശതമാനം കേസുകളിലും തെറാപ്പി പരാജയപ്പെട്ടതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പരീക്ഷണങ്ങള്‍ക്ക് ഇരയായവരില്‍ 569 പേരില്‍ വൃക്ക മാറ്റിവെക്കല്‍ പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള വി.എസ് ഹോസ്പിറ്റലിനെ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. 2021-2025 കാലത്ത് അംഗീകൃത എത്തിക്സ് കമ്മിറ്റിയുടെ അനുമതിയില്ലാതെ അഞ്ഞൂറോളം രോഗികളിലാണ് ഇവര്‍ 50-ഓളം കമ്പനികളുടെ മരുന്ന് ഉപയോഗിച്ച് പരീക്ഷണം നടത്തിയതെന്നാണ് കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.