റഫാല്‍ യുദ്ധ വിമാനം മോശമെന്ന് പ്രചാരണം നടത്തുന്നു; ചൈനയ്‌ക്കെതിരേ ഫ്രാന്‍സ്

റഫാല്‍ യുദ്ധ വിമാനം മോശമെന്ന് പ്രചാരണം നടത്തുന്നു; ചൈനയ്‌ക്കെതിരേ ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സ് നിര്‍മിത റഫാല്‍ യുദ്ധ വിമാനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ചൈന മറ്റുള്ളവരില്‍ സംശയം പരത്തുന്നതായി ഫ്രാന്‍സ്. വാങ്ങാനൊരുങ്ങുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ചൈന ശ്രമിക്കുന്നതായി ഫ്രാന്‍സ് വ്യക്തമാക്കി. ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമം നടത്തുന്നതെന്ന് ഫ്രഞ്ച് സൈനിക-രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു.

മെയ്യില്‍ പാകിസ്ഥാനുമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ, പ്രത്യേകിച്ച് ഇന്‍ഡൊനീഷ്യയെ ഇടപാടില്‍ നിന്ന് പിന്തിരിപ്പിക്കാനും ചൈനീസ് നിര്‍മിത യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ നീക്കമെന്ന് പേരു വെളിപ്പെടുത്താത്ത ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍, തകര്‍ന്ന റഫാലിന്റേതെന്ന് ആരോപിച്ചുള്ള ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയായിരുന്നു റഫാലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ചൈനീസ് സാങ്കേതിക വിദ്യയുടെ മേന്മയെക്കുറിച്ചുള്ള പ്രചാരണത്തിന് ആയിരത്തിലധികം പുതിയ സാമൂഹികമാധ്യമ അക്കൗണ്ടുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ റഫാല്‍ വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം ചൈന തള്ളി. ആരോപണം അടിസ്ഥാനരഹിതവും അപവാദവുമാണെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എപിയോടുള്ള ചൈനയുടെ പ്രതികരണം.

ഫ്രാന്‍സിന്റെ പ്രതിരോധ വ്യവസായത്തില്‍ ഏറെ നിര്‍ണായകമാണ് റഫാല്‍ യുദ്ധ വിമാനങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും വില്‍പന. നിര്‍മാതാക്കളായ ദസോ ഏവിയേഷന്‍ ഇതിനകം 533 റഫാല്‍ യുദ്ധ വിമാനങ്ങളാണ് വിറ്റത്. ഇതില്‍ 323 എണ്ണം ഈജിപ്റ്റ്, ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെര്‍ബിയ, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.