'ധാരണയ്ക്ക് അരികിലെത്തി'; ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടനെന്ന് ട്രംപ്

'ധാരണയ്ക്ക് അരികിലെത്തി'; ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടനെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിന്റെ അടുത്തെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'യുകെയുമായി ഞങ്ങള്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടു. ചൈനയുമായും കരാറില്‍ ഏര്‍പ്പെട്ടു. ഇന്ത്യയുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിന്റെ അരികിലാണ്. മറ്റുള്ളവരുമായി ഞങ്ങള്‍ക്ക് കരാറില്‍ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. അതിനാല്‍ ഞങ്ങള്‍ അവര്‍ക്ക് ഒരു കത്ത് അയയ്ക്കുക മാത്രമാണ് ചെയ്യുന്നത്'- ട്രംപ് പറഞ്ഞു.

അതിനിടെ ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി കൊണ്ടാണ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചത്.സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് ഓഗസ്റ്റ് ഒന്ന് വരെ സമയ പരിധി നീട്ടിയത്.

ഇവര്‍ക്ക് നിലവില്‍ 25 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങള്‍ 25 ശതമാനം തീരുവ നല്‍കണം. അമേരിക്കയുമായുള്ള വ്യാപാര കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് തീരുവ എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് മ്യാന്‍മര്‍, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, മലേഷ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ബോസ്നിയ, ഹെര്‍സഗോവിന, ബംഗ്ലാദേശ്, സെര്‍ബിയ, കംബോഡിയ, തായ്‌ലന്‍ഡ് എന്നി പന്ത്രണ്ട് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്താന്‍ പോകുന്ന തീരുവയും അമേരിക്ക പ്രഖ്യാപിച്ചത്.

താരിഫ് നിരക്കുകള്‍ ഇങ്ങനെ:

ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനം

ജപ്പാന് 25 ശതമാനം

മ്യാന്‍മറിന് 40 ശതമാനം

ലാവോസിന് 40 ശതമാനം

ദക്ഷിണാഫ്രിക്കയ്ക്ക് 30 ശതമാനം

കസാഖിസ്ഥാനില്‍ 25 ശതമാനം

മലേഷ്യയ്ക്ക് 25 ശതമാനം

ടുണീഷ്യയ്ക്ക് 25 ശതമാനം

ഇന്തോനേഷ്യയ്ക്ക് 32 ശതമാനം

ബോസ്നിയ, ഹെര്‍സഗോവിനയ്ക്ക് 30 ശതമാനം

ബംഗ്ലാദേശിന് 35 ശതമാനം

സെര്‍ബിയയ്ക്ക് 35 ശതമാനം

കംബോഡിയയ്ക്ക് 36 ശതമാനം

തായ്‌ലന്‍ഡിന് 36 ശതമാനം

അമേരിക്ക ഇപ്പോഴും വ്യാപാരത്തിന് തുറന്നിരിക്കുന്നുവെന്നും എന്നാല്‍ അത് കൂടുതല്‍ ന്യായവും സന്തുലിതവുമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഉല്‍പാദനം അമേരിക്കയിലേക്ക് മാറ്റുന്ന വിദേശ നിര്‍മാതാക്കള്‍ക്ക് ഇളവ് നല്‍കുമെന്നും അദേഹം പറഞ്ഞു.

പുതിയ താരിഫ് നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് പതിനാല് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് അയച്ച കത്തുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

'ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്ന് 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുവ മാത്രമേ ഈടാക്കൂ. ഇത് വ്യാപാരക്കമ്മി അസമത്വം ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണെന്ന് ദയവായി മനസിലാക്കുക' -ജപ്പാനും കൊറിയയ്ക്കും അയച്ച പ്രത്യേക കത്തുകളില്‍ ട്രംപ് പറഞ്ഞു.

താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഈ രാജ്യങ്ങള്‍ യു.എസിനുമേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ഉദേശിക്കുന്നുവെങ്കില്‍ ഇതിനകം പ്രഖ്യാപിച്ച 25 ശതമാനം താരിഫുകള്‍ക്ക് പുറമേ നിരക്കുകളില്‍ ആനുപാതികമായ വര്‍ധന വരുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.