കുടുംബാസൂത്രണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമോ? ജനന നിയന്ത്രണം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് സ്ത്രീ-പുരുഷ അന്തരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

കുടുംബാസൂത്രണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമോ? ജനന നിയന്ത്രണം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് സ്ത്രീ-പുരുഷ അന്തരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുടുംബാസൂത്രണത്തിനായി ജനന നിയന്ത്രണം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് സ്ത്രീ-പുരുഷ അന്തരം വര്‍ധിച്ചതായി കണക്കുകള്‍. സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യംകരണത്തിന് തയ്യാറാകുന്ന പുരുഷന്‍മാരുടെ എണ്ണം വളരെ കുറവാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

2023-24 കാലത്ത് സംസ്ഥാനത്ത് 51,740 സ്ത്രീകള്‍ വിവിധ തരത്തിലുള്ള വന്ധ്യംകരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചപ്പോള്‍ 457 പുരുഷന്‍മാര്‍ മാത്രമാണ് ഇതിന് തയ്യാറായതെന്ന് ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം (എച്ച്എംഐഎസ്) ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ആണ് സംസ്ഥാനത്ത് പുരുഷ വന്ധ്യംകരണം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷ വന്ധ്യംകരണം ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. എട്ട് പേര്‍ മാത്രമാണ് 2023-24 കാലത്ത് ജില്ലയില്‍ വന്ധ്യംകരണത്തിന് തയ്യാറായത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 11 പേരും ഇടുക്കിയില്‍ 15 പുരുഷന്‍മാരുമാണ് ഇക്കാലയളവില്‍ വന്ധ്യംകരണത്തിന് വിധേയരായത്.

കുടുംബാസൂത്രണത്തിനുള്ള സ്ഥിരമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന നിലയുള്ള മനോഭാവത്തിന്റെ വ്യക്തമായ സൂചനകളാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ബോധവല്‍ക്കരണം ഉള്‍പ്പെടെ ഗുണം ചെയ്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലാപ്രോസ്‌കോപ്പിക്, മിനി-ലാപ്, പോസ്റ്റ്-പാര്‍ട്ടം സ്റ്റെറിലൈസേഷന്‍ (പിപിഎസ്), പോസ്റ്റ്-അബോര്‍ഷന്‍ സ്റ്റെറിലൈസേഷന്‍ (പിഎഎസ്) എന്നിവയിലൂടെയാണ് സ്ത്രീകളില്‍ പ്രധാനമായും ജനന നിയന്ത്രണം നടപ്പാക്കുന്നത്.

2014-15 വര്‍ഷത്തില്‍ 91,471 വന്ധ്യംകരണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതില്‍ 1,262 പുരുഷന്‍മാര്‍ എന്‍എസ്വി എന്നറിയപ്പെടുന്ന നോ-സ്‌കാല്‍പല്‍ വാസക്ടമിക്ക് വിധേയരായി. പിന്നീട് എന്‍എസ്‌വികള്‍ ക്രമാതീതമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്താണ് ഏറ്റവും കുറവ് വന്ധ്യംകരണങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ 53,461 വന്ധ്യംകരണങ്ങള്‍ നടന്നപ്പോള്‍ 73 എണ്ണം മാത്രമായിരുന്നു എന്‍എസ്വികള്‍.

2021-22 ല്‍ 54,788 വന്ധ്യം കരണങ്ങള്‍ നടന്നതില്‍ 299 എന്‍എസ്വികള്‍ ഉണ്ടായിരുന്നു. 2022-23 സമയത്ത് എന്‍എസ്‌വിയില്‍ ചെറിയ ഉയര്‍ച്ച രേഖപ്പെടുത്തുകയും 635 എണ്ണത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ 2023-24 ല്‍ വീണ്ടും 457 ആയി കുറഞ്ഞു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ആധുനിക രീതികളുടെ വര്‍ധനവ് ഉള്‍പ്പെടെ വന്ധ്യംകരണ കണക്കുകളില്‍ പ്രകടമാണ്. അതേസമയം, ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷ വന്ധ്യംകരണം വേഗത്തില്‍ നടപ്പാക്കാവുന്നതും സുരക്ഷിതവുമായ നടപടി ആണെങ്കിലും സമൂഹത്തില്‍ ഇപ്പോഴും തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. 10-15 മിനിറ്റ് മാത്രം നീളുന്ന ലളിതമായ നടപടികളാണ് എന്‍എസ്‌വികള്‍ക്കുള്ളത്.

മുറിവുകളോ തുന്നലുകളോ ആവശ്യമില്ല. എന്നാല്‍ പുരുഷത്വം, ലൈംഗികതയോടുള്ള താല്‍പര്യം എന്നിവ നഷ്ടപ്പെടുമെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വന്ധ്യംകരണം സംബന്ധിച്ച് സാമൂഹിക മനോഭാവം പ്രധാനമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കിടയിലാണ് പുനര്‍വിവാഹം കൂടുതല്‍. വന്ധ്യംകരണം രണ്ടാം വിവാഹത്തിനുള്ള സാധ്യതയെ ദോഷകരമായി ബാധിക്കുമെന്ന് പല പുരുഷന്മാരും വിശ്വസിക്കുന്നു. ആ ഭയവും പുരുഷത്വത്തെ ബാധിക്കുമെന്ന മിഥ്യാധാരണകളുമാണ് വന്ധ്യംകരണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.

സംസ്ഥാനത്ത് പ്രസവങ്ങളില്‍ സിസേറിയനില്‍ ഉണ്ടായ വര്‍ധനവും സ്ത്രീകളിലെ വന്ധ്യംകരണ നിരക്ക് വര്‍ധിക്കാന്‍ ഇടാക്കിയിട്ടുണ്ട്. സിസേറിയന്‍ പ്രസവങ്ങള്‍ക്കൊപ്പം വന്ധ്യംകരണവും നടത്തുന്ന രീതി വ്യാപകമാണ്. അധിക നടപടികള്‍ക്ക് വേണ്ടെന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ കുടുംബാസൂത്രണം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറ്റുകയാണ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.