ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിലെ ആഢംബര വസതിയില്‍ സൂര്യപ്രകാശമേറ്റ് വിശ്രമിക്കാന്‍ കിടക്കുമ്പോള്‍ വയറ്റിലേയ്ക്ക് ചെറിയൊരു ഡ്രോണ്‍ വന്ന് പതിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ജവാദ് ലാരിജാനി ഇക്കാര്യം പറഞ്ഞതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി പുകയുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷത്തിലെ ഒരു പുതിയ ഘട്ടത്തെയാണ് വധഭീഷണി സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
മാത്രമല്ല 12 ദിവസം നീണ്ടുനിന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് ശേഷം അയത്തുള്ള ഖൊമേനിക്കെതിരെ ട്രംപ് നടത്തിയ വാക്കാലുള്ള ആക്രമണങ്ങള്‍ക്ക് നേരിട്ടുള്ള പ്രതികരണമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ ഷിയാ പുരോഹിതര്‍ ട്രംപിനും നെതന്യാഹുവിനുമെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുക്കളെന്നായിരുന്നു ട്രംപിനേയും നെതന്യാഹുവിനേയും വിശേഷിപ്പിച്ചത്. ഇവര്‍ക്കെതിരേ ആഗോളതലത്തില്‍ മുസ്ലിങ്ങള്‍ നടപടിയെടുക്കണമെന്നും ഫത്വയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയും ഇടപെട്ടിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇറാന്‍ അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.