കൊച്ചി: കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച തുക നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എം.എസ്.സി എല്‍സ 3 കപ്പല്‍ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. 9,531 കോടി രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് വളരെ വലിയ തുകയാണെന്ന് കമ്പനി അഭിഭാഷകന്‍ പറഞ്ഞു. ഇതോടെ നഷ്ടപരിഹാരമായി എത്ര പണം കെട്ടിവയ്ക്കാനാകുമെന്നും കോടതി ചോദിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി.
കപ്പലപകടത്തെ തുടര്‍ന്ന് പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും മത്സ്യ തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് സര്‍ക്കാര്‍ 9531 കോടി രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നത് വരെ എം.എസ്.സി. കമ്പനിയുടെ മറ്റൊരു കപ്പലായ അക്വിറ്റേറ്റ 2 അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു.
സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കാനാകില്ലെന്ന് എം.എസ്.സി. കമ്പനി ഇന്ന് ഹൈക്കോടതിയെ അറിയിച്ചതോടെ, ഇവരുടെ മറ്റൊരു കപ്പലായ അക്വിറ്റേറ്റ 2 വിന്റെ അറസ്റ്റ് കാലാവധിയും കോടതി നീട്ടി.
നിലവില്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിന് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തുറമുഖം വിടാനാകില്ല. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിനു ശേഷം കപ്പല്‍ വിട്ടയച്ചാല്‍ മതിയെന്നാണ് ഉത്തരവ്.
ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ ആറ് ശതമാനം പലിശ സഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാര കേസില്‍ അന്തിമ തീര്‍പ്പ് വൈകാനിടയുണ്ടെന്നത് കണക്കാക്കിയാണ് സര്‍ക്കാര്‍ ഇടക്കാല സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
കപ്പല്‍ മുങ്ങുന്നത് തടയാനുള്ള വിവിധ ശ്രമങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ വകുപ്പുകള്‍ നടത്തിയിരുന്നെങ്കിലും വിഫലമാവുകയാണുണ്ടായത്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരിഞ്ഞ കപ്പല്‍ അറബിക്കടലില്‍ പൂര്‍ണമായി മുങ്ങുകയും കപ്പലില്‍ അവശേഷിച്ചിരുന്ന കണ്ടെയ്നറുകള്‍ കടലില്‍ പതിക്കുകയുമായിരുന്നു.
കടലില്‍ ഒഴുകി നടന്ന കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ തീരങ്ങളില്‍ തുറന്ന നിലയിലും മറ്റും അടിഞ്ഞത് തീരപ്രദേശത്തെ ജനങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തുകയും ആഴ്ചകളോളം അവരുടെ ഉപജീവനമായ മത്സ്യബന്ധനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കണ്ടെയ്നറുകളില്‍ നിന്ന് തീരത്ത് അടിച്ചു കയറിയ പ്‌ളാസ്റ്റിക് തരികള്‍ വലിയ തോതിലുള്ള പരിസ്ഥിതി നാശമാണുണ്ടാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.