ട്രെയിനുകളില്‍ ഇനി 360 ഡിഗ്രി സിസിടിവി ക്യാമറ; ഒരു കോച്ചില്‍ നാലും എഞ്ചിനില്‍ ആറും വീതം

ട്രെയിനുകളില്‍  ഇനി 360 ഡിഗ്രി സിസിടിവി ക്യാമറ; ഒരു കോച്ചില്‍ നാലും എഞ്ചിനില്‍ ആറും വീതം

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ റെയില്‍വേയുടെ തീരുമാനം. പാസഞ്ചര്‍ കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

യാത്രക്കാരുടെ സ്വകാര്യത കണക്കിലെടുത്ത് വാതിലുകള്‍ക്ക് സമീപമായാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയെന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കോച്ചിലും കുറഞ്ഞത് നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എഞ്ചിനുകളില്‍ ആറ് ക്യാമറകളും സ്ഥാപിക്കും. ഇന്നലെ നടന്ന റെയില്‍വേ യോഗത്തിലാണ് തീരുമാനം.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും എഞ്ചിനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു. രാജ്യമെമ്പാടും പദ്ധതി നടപ്പിലാക്കും.

360 ഡിഗ്രി ക്യാമറയാണ് ട്രെയിനുകളില്‍ സ്ഥാപിക്കുന്നത്. 74,000 കോച്ചുകളിലും 15,000 ലോക്കോ മോട്ടീവുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രി അനുമതി നല്‍കിയിരിക്കുന്നത്. ഓരോ റെയില്‍വേ കോച്ചിലും നാല് ഡോം സിസിടിവി ക്യാമറകള്‍ ഉണ്ടായിരിക്കും.

ഓരോ പ്രവേശന വഴിയിലും രണ്ട് വീതവും ഓരോ എഞ്ചിനിലും ആറ് സിസിടിവി ക്യാമറകളും ഉണ്ടായിരിക്കും. ഇതില്‍ എഞ്ചിന്റെ മുന്‍വശത്തും പിന്‍വശത്തും ഇരുവശത്തുമായി ഓരോ ക്യാമറയും ഉണ്ടായിരിക്കും.

സിസിടിവി ക്യാമറകള്‍ക്ക് ഏറ്റവും പുതിയ സ്‌പെസിഫിക്കേഷനുകള്‍ ഉണ്ടായിരിക്കുമെന്നും മികച്ച നിലവാരത്തെ സൂചിപ്പിക്കുന്ന എസ്ടിക്യൂസി സര്‍ട്ടിഫൈഡ് ആയിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നൂറ് കിലോ മീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഓടുന്ന ട്രെയിനുകള്‍ക്കും കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥരോട് കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു. ഇന്ത്യഎഐ മിഷനുമായി ചേര്‍ന്ന് സിസിടിവി ക്യാമറകള്‍ പകര്‍ത്തുന്ന ഡാറ്റയില്‍ എഐയുടെ ഉപയോഗം പര്യവേക്ഷണം ചെയ്യാനും കേന്ദ്ര റെയില്‍വേ മന്ത്രി നിര്‍ദേശം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.