പട്ന: ബിഹാറില്‍ നിരവധി നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ സ്വദേശികള്‍ താമസിക്കുന്നതായി കണ്ടെത്തല്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിശോധനാ പ്രക്രിയ പുരോഗമിക്കുന്നതിനിടെയാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് ഇതോടെ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും.
ഇത്തരത്തില്‍ കണ്ടെത്തുന്ന വ്യക്തികളെക്കുറിച്ച് അന്വേഷണം നടത്തും. സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയില്‍ അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ജൂണ്‍ 25 നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിഹാറില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിശോധന പ്രക്രിയ ആരംഭിച്ചത്. യോഗ്യത ഇല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാനും ഇന്ത്യന്‍ പൗരന്മാരെ മാത്രം ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പട്ടിക.
ജൂലൈ 26 വരെ ഈ നടപടികള്‍ തുടരും. ഈ പ്രക്രിയയുടെ ഭാഗമായി പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആദ്യം എല്ലാ വോട്ടര്‍മാരേയും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനിടെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആധാരമാക്കാവുന്ന രേഖകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ണായക ഇടപെടല്‍ നടത്തുകയുണ്ടായി. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും വോട്ടര്‍ പട്ടികാ പരിശോധനയ്ക്കുള്ള രേഖയാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം നിരീക്ഷിച്ചു. ആധാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കാരണം അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മറുപടി നല്‍കാന്‍ ഈ മാസം 21 വരെ തിരഞ്ഞെടുപ്പ് കമ്മിഷന് സമയം നല്‍കി. കേസ് ജൂലൈ 28 ന് വീണ്ടും പരിശോധിക്കും.
ബിഹാറില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ സമര്‍പ്പിക്കേണ്ട പൗരത്വരേഖകളില്‍ ആധാര്‍ ഉണ്ടായിരുന്നില്ല. ആധാറും റേഷന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും അടക്കമുള്ള രേഖകള്‍ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള രേഖയായി കമ്മിഷന്‍ നിര്‍ദേശിച്ചത്. വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയായി നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുകയും ചെയ്തതാണ് ആധാര്‍.
അതേസമയം 'ആധാര്‍ എന്നത് വ്യക്തിത്വം തിരിച്ചറിയാനുള്ള രേഖമാത്രമാണ്, ജനന തിയതിയോ പൗരത്വമോ തെളിയിക്കുന്നതല്ലെന്ന് ആധാര്‍ കാര്‍ഡുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ആധാര്‍ പൗരത്വത്തിനോ ജനന തിയതിക്കോ ജനിച്ച സ്ഥലം തെളിയിക്കുന്നതിനോ ഉള്ള രേഖ ആകുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. ഇതിനെതിരെ വന്‍തോതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.