'കുറഞ്ഞത് 60 എണ്ണമെങ്കിലും വേണം'; വിദേശത്ത് നിന്ന് വാങ്ങുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തില്‍ നിലപാട് അറിയിച്ച് വ്യോമസേന

'കുറഞ്ഞത് 60 എണ്ണമെങ്കിലും വേണം'; വിദേശത്ത് നിന്ന് വാങ്ങുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തില്‍ നിലപാട് അറിയിച്ച് വ്യോമസേന

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ കുറഞ്ഞത് മൂന്ന് സ്‌ക്വാഡ്രണുകള്‍ സ്ഥാപിക്കാന്‍ വേണ്ട 60 എണ്ണം വേണമെന്ന് ഇന്ത്യന്‍ വ്യോമസേന. വ്യോമസേന ഇതുസംബന്ധിച്ച ശുപാര്‍ശ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

യു.എസും റഷ്യയും അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-35 ലൈറ്റനിങ് II ആണ് യു.എസ് ഇന്ത്യയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, റഷ്യ അവരുടെ എസ്.യു-57 ഇ എന്ന യുദ്ധവിമാനമാണ് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങളുടെയും വാഗ്ദാനങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും വ്യോമസേന ഇതുവരെ ചര്‍ച്ചകളില്‍ പങ്കാളിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് സേന തങ്ങളുടെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. യു.എസിന്റെയും റഷ്യയുടെയും വാഗ്ദാനങ്ങള്‍ പരിഗണിച്ച് 2026 നുള്ളില്‍ ഒരു തീരുമാനം ഉണ്ടായേക്കും.

ഒരു സ്‌ക്വാഡ്രണ്‍ എന്നത് 20 യുദ്ധവിമാനങ്ങള്‍ ചേര്‍ന്നതാണ്. അത്തരത്തില്‍ മൂന്ന് സ്‌ക്വാഡ്രണുകളാണ് പാകിസ്ഥാന്‍, ചൈന എന്നിവരുടെ ഭീഷണി നേരിടാന്‍ വേണ്ടി വരികയെന്നാണ് വ്യോമസേനയുടെ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയുടെ പക്കല്‍ സ്റ്റെല്‍ത്ത് സവിശേഷതയുള്ള യുദ്ധവിമാനങ്ങളില്ല. പകരം എസ്.യു-30 എംകെഐ, റഫാല്‍, തേജസ് എന്നി വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.