ഡമാസ്‌കസ്: സിറിയയില്‍ വീണ്ടും ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു. സ്വെയ്ദ പ്രവിശ്യയില്‍ മതന്യൂനപക്ഷമായ ദുറൂസികളുടെ നേതൃത്വത്തിലുള്ള സായുധ സംഘങ്ങളും സുന്നി ഗോത്ര വിഭാഗമായ ബെദൂയിനുകളും തമ്മില്‍ തുടരുന്ന പോരാട്ടത്തില്‍ രണ്ട് ദിവസത്തിനിടെ 89 പേര്‍ മരിച്ചു.
നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 46 പേര്‍ ദുറൂസികളും 18 പേര്‍ ബെദൂയിനുകളുമാണ്. ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുടെ സര്‍ക്കാര്‍ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. ബാഷര്‍ അല്‍ അസദ് ഭരണ കൂടത്തിന്റെ പതനത്തിനു പിന്നാലെ സമാധാന സൂചനകള്‍ കണ്ടു തുടങ്ങിയതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഞായറാഴ്ച സ്വെയ്ദയിലെ ഹൈവേയില്‍ ദുറൂസി വിഭാഗത്തില്‍പ്പെട്ട പച്ചക്കറി കച്ചവടക്കാരനെ ബെദൂയിന്‍ ഗോത്രക്കാര്‍ തട്ടിക്കൊണ്ടുപോവുകയും കൊള്ളയടിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുദ്ധ നിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. ഹൈവേയില്‍ ബെദൂയിനുകള്‍ സ്ഥാപിച്ച ചെക്ക് പോയിന്റിലായിരുന്നു സംഭവം.
പ്രതികാര നടപടിയായി ചില ബെദൂയിനുകളെ ദുറൂസികളും തട്ടിക്കൊണ്ടുപോയി. ഇവരെയെല്ലാം വിട്ടയച്ചെങ്കിലും ഇതോടെ സംഘര്‍ഷം പ്രവിശ്യയാകെ വ്യാപിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളുടെയും നേതാക്കളോട് പ്രവിശ്യാഗവര്‍ണര്‍ മുസ്തഫ അല്‍ ബക്കുര്‍ വെടിനിര്‍ത്തലിന് ആഹ്വാനംചെയ്തു. ജനങ്ങളോട് സംയമനം പാലിക്കണമെന്നും നിര്‍ദേശിച്ചു.
2024 ഡിസംബറിലാണ് വിമത വിപ്ലവത്തിലൂടെ അല്‍ഷാരയുടെ നേതൃത്വത്തില്‍ സുന്നി വിഭാഗക്കാരായ ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) എന്ന സായുധ സംഘടന സിറിയയില്‍ അധികാരം പിടിച്ചത്. അതിനുശേഷം പുതിയ ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്തുമോയെന്ന ആശങ്കയിലാണ് ദുറൂസികള്‍.
ഏപ്രില്‍, മെയ് മാസങ്ങളിലായി തലസ്ഥാനമായ ഡമാസ്‌കസിലെയും സ്വെയ്ദയിലെയും ദുറൂസി ഭൂരിപക്ഷ മേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചിരുന്നു. അന്നത്തെ നടപടിയില്‍ ബെദൂയിനുകള്‍ സൈന്യത്തെ സഹായിച്ചു. മറ്റൊരു ന്യൂനപക്ഷവിഭാഗമായ അലാവൈറ്റുകളെ ലക്ഷ്യമിട്ട് മാര്‍ച്ചിലുണ്ടായ ആഭ്യന്തര കലാപത്തില്‍ 1700 പേരും മരിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.