വെള്ളിയാഴ്ച കെ.എസ്.യുവിന്റെ വിദ്യഭ്യാസ ബന്ദ്: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം

 വെള്ളിയാഴ്ച കെ.എസ്.യുവിന്റെ വിദ്യഭ്യാസ ബന്ദ്: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം

തിരുവനന്തപുരം: കേരളത്തില്‍ നാളെ കെ.എസ്.യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന വ്യാപകമായി നാളെ സ്‌കൂളുകളില്‍ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ സ്‌കൂളിനോട് ചേര്‍ന്ന് വൈദ്യുതി ലൈനില്‍ പിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം വളരെ ഗൗരവത്തോട് കൂടി നോക്കി കാണേണ്ടതാണ്. സിപിഎം മാനേജ്മെന്റില്‍ ഉള്ള സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് മന്ത്രി പറയുമ്പോള്‍ വലിയ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉള്ള ആയിരകണക്കിന് സ്‌കൂളുകള്‍ സംസ്ഥാനത്ത് ഉണ്ട്. അതിനെ തുറന്ന് കാട്ടേണ്ടതാണ്. നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ പഠിപ്പ് മുടക്കി പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

തേവലക്കര ബോയ്‌സ് സ്‌കൂളിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും മണ്ഡലം തലങ്ങളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. ആദ്യം കൊല്ലം ജില്ലയില്‍ മാത്രമായിരുന്നു പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുകയായിരുന്നു. എബിവിപിയും കൊല്ലം ജില്ലയില്‍ നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു കേരളത്തെ നടുക്കിയ ദാരുണമായ അപകടം. കളിക്കിടെ മിഥുനിന്റെ ചെരുപ്പ് ഒരു വിദ്യാര്‍ഥി സൈക്കിള്‍ ഷെഡിന് മുകളിലേക്ക് എറിഞ്ഞു. ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയ മിഥുന് വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെയിറക്കി ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.