കണ്ണീരോര്‍മയായി മിഥുന്‍: ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്; തുര്‍ക്കിയിലുള്ള അമ്മ എത്തിയ ശേഷം നാളെ സംസ്‌കാരം

കണ്ണീരോര്‍മയായി മിഥുന്‍: ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്; തുര്‍ക്കിയിലുള്ള അമ്മ എത്തിയ ശേഷം നാളെ സംസ്‌കാരം

കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക.

സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമുള്ള സുജയെ തുര്‍ക്കിയില്‍ നിന്ന് ഇന്ന് തന്നെ കുവൈറ്റില്‍ എത്തിക്കും. അവിടെ നിന്നും നാളെ വെളുപ്പിന് കൊച്ചിയിലെത്തും. അമ്മയെത്തിയാല്‍ സംസ്‌കാരം നാളെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്‌കൂളില്‍ പരിശോധന നടത്തും.

അതേസമയം ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. സ്‌കൂള്‍ അധികൃതരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രാഥമിക റിപ്പോര്‍ട്ടില്‍ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്‌തേക്കും.

പൊലീസ് ഇന്ന് സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുക്കും. സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.