കര്‍ണാടക മുഖ്യമന്ത്രി അന്തരിച്ചെന്ന് ഫെയ്‌സ് ബുക്കിന്റെ ഓട്ടോ ട്രാന്‍സ്ലേഷന്‍; മെറ്റയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

കര്‍ണാടക മുഖ്യമന്ത്രി അന്തരിച്ചെന്ന് ഫെയ്‌സ് ബുക്കിന്റെ ഓട്ടോ ട്രാന്‍സ്ലേഷന്‍; മെറ്റയ്ക്കെതിരെ ആഞ്ഞടിച്ച്  സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡയില്‍ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ ട്രാന്‍സ്ലേഷന്‍ വിവാദത്തില്‍.

പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ഓട്ടോ ട്രാന്‍സ്ലേറ്റ് ചെയ്തപ്പോള്‍ മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്ന വലിയ പിഴവാണ് സംഭവിച്ചത്. പിന്നാലെ ഫെയ്‌സ് ബുക്ക് ഉടമകളായ മെറ്റയ്‌ക്കെതിരെ ഗുരുതര വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി. ഉടന്‍ തന്നെ മെറ്റ പിഴവ് തിരുത്തി.

'കന്നഡ ഉള്ളടക്കത്തിന്റെ തെറ്റായ മൊഴി മാറ്റം എഴുതിക്കാട്ടി മെറ്റ വസ്തുതകളെ വളച്ചൊടിക്കുകയും യൂസര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഔദ്യോഗിക സംഭാഷണങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത് വളരെ അപകടകരമാണ്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് എന്റെ മാധ്യമ ഉപദേഷ്ടാവ് കെ.വി പ്രഭാകര്‍ കത്തെഴുതിയിട്ടുണ്ട്'-സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ഓട്ടോ ട്രാന്‍സ്ലേഷനുകള്‍ തെറ്റായ വിവരം നല്‍കിയേക്കാമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഇത്തരം വലിയ പിഴവുകള്‍ പൊതു സമൂഹത്തിന്റെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു.

കന്നഡയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാന്‍സ്ലേഷനുകളുടെ കൃത്യതയും നിലവാരവും ഉറപ്പാക്കാന്‍ കന്നഡ ഭാഷാ വിദഗ്ധരുടെ സഹായത്തോടെ മെറ്റ തയ്യാറാകണമെന്ന് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് മെറ്റയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

പൊതുജനങ്ങളുമായുള്ള ആശയ വിനിമയങ്ങളിലും ഔദ്യോഗിക കുറിപ്പുകളിലും ഇത്തരം ഓട്ടോ ട്രാന്‍സ്ലേഷന്‍ പിഴവുകള്‍ കടന്നു കയറുന്നത് വലിയ അപകടമാണെന്ന് മെറ്റയെ കത്തില്‍ സിദ്ധരാമയ്യയുടെ ഓഫീസ് ഓര്‍മിപ്പിച്ചു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.