കൊട്ടിയൂര്‍: മലയോര കര്‍ഷകരുടെ കുടിയേറ്റ കാലത്തിന് ശേഷം നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്ന ഫാ. തോമസ് മണ്ണൂര്‍ നിര്യാതനായി. മലയോര വികസനത്തില്‍ സുപ്രധാന മുന്നേറ്റമായി കണക്കാക്കുന്ന കൊട്ടിയൂര്‍ ഇമിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ (ഐജെഎംഎച്ച്എസ്) 50 വര്‍ഷം മുന്‍പ് സ്ഥാപിച്ചത് ഫാ.തോമസ് മണ്ണൂര്‍(മണ്ണൂരച്ചന്‍) ആയിരുന്നു.
ഇന്ന് (ഞായറാഴ്ച) വൈകുന്നേരം അഞ്ച് വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് തലശേരി അതിരൂപതയിലെ കരുവഞ്ചാലടുത്ത് വെള്ളാട് ഇടവകയിലെ അച്ചന്റെ സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ടുപോവുകയും തിങ്കളാഴ്ച രാവിലെ 11 വരെ സഹോദര ഭവനത്തില്‍ പൊതുദര്‍ശനവും തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ പൊതുദര്‍ശനവും ഉച്ചയ്ക്ക് രണ്ടിന് അലക്‌സ് താരാമംഗലം പിതാവിന്റെ കാര്‍മ്മികത്വത്തില്‍സംസ്‌കാര ശുശ്രൂഷയും നടത്തപ്പെടും.
കുടിയേറ്റ ജനതയുടെ ഉന്നത പഠനമോഹങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി സ്ഥാപിതമായ സ്‌കൂള്‍ ഇന്ന് ഹയര്‍ സെക്കന്‍ഡറി തലത്തിലേയ്ക്ക് ഉയര്‍ന്നു. മലയോരത്തെ മറ്റൊരു വികസന മുന്നേറ്റമായിരുന്നു കൊട്ടിയൂരിലെ സര്‍ക്കാര്‍ ഡിസ്പന്‍സറി. പുളിയമ്മാക്കല്‍ പി.കെ ജോസഫ് സൗജന്യമായി നല്‍കിയ സ്ഥലത്ത് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം നിര്‍മിച്ച് കിടക്കളും ആശുപത്രി ഉപകരണങ്ങളും സഹിതം സര്‍ക്കാരിന് കൈമാറുകയായിരുന്നു. ജനകീയ കമ്മിറ്റിയുടെ ട്രഷറര്‍ മണ്ണൂരച്ചനായിരുന്നു. ഇന്ന് ആ ഡിസ്പന്‍സറി കുടുംബാരോഗ്യ കേന്ദ്രമാണ്.
മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് പിന്നീട് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലെ പൊതു വികസന പ്രവര്‍ത്തനങ്ങളിലെല്ലാം മണ്ണൂരച്ചന്‍ പങ്കാളിയായിരുന്നു. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോട് ചേര്‍ന്ന് നടത്തി വന്നിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്ന യുവദീപ്തി കോളജ് വിപുലീകരിച്ചതും മണ്ണൂരച്ചനായിരുന്നു. ആറ് വര്‍ഷക്കാലം കൊട്ടിയൂര്‍ പള്ളി വികാരിയായി സേവനം ചെയ്തു. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന മണ്ണുരച്ചന്‍ തമിഴുനാട്ടിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള രൂപതകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
1937 നവംബര്‍ 15 ന് പാല മുത്തോലി ഇടവക, മണ്ണൂര്‍ ഉലഹന്നാന്റെയും ഏലിയുടെയും ആറ് മക്കളില്‍ അഞ്ചാമനായി ജനനം.
സഹോദരങ്ങള്‍: പരേതരായ മത്തായി, ജോസഫ്, പാപ്പച്ചന്‍, വര്‍ക്കിച്ചന്‍. സഹോദരി ത്രേസ്യാകുട്ടി ജോണ്‍ മുണ്ടക്കത്തറപ്പേല്‍ (റിട്ട. എച്ച്.എം ജി.യു.പി.എസ്. വെള്ളാട്). മുത്തോലി സെന്റ് ആന്റണീസ് സ്‌കൂളില്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആലക്കോട്, വെള്ളാട് എന്ന സ്ഥലത്തേക്ക് കുടുംബം കുടിയേറി.
ചെറുപ്രായം മുതല്‍ മിഷനറി വൈദികനാകണമെന്ന ആഗ്രഹം തോമസച്ചന്റെ മനസില്‍ ഉണ്ടായിരുന്നു. ഈ ആഗ്രഹവുമായി ആലക്കോട് വികാരിയായിരുന്ന ഫാ. ജോസഫ് കുന്നേലിനെ സമീപിച്ചു. അദേഹം തോമസച്ചനെ തലശേരി രൂപതയ്ക്ക് വേണ്ടി 1957 ല്‍ കുന്നോത്ത് മൈനര്‍ സെമിനാരിയിലേക്ക് അയച്ചു. 1959 മുതല്‍ ആലുവ മേജര്‍ സെമിനാരിയില്‍ പഠനം നടത്തി 1966 മാര്‍ച്ച് 10 ന് വള്ളോപ്പള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. പിന്നീട് കര്‍ണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു.
ഷിമോഗയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറയില്‍ പുനരധിവസിപ്പിക്കാന്‍ ജോസഫ് കുന്നേല്‍ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയായിരിക്കേ നേതൃത്വം നല്‍കിയതും മണ്ണൂരച്ചനായിരുന്നു. അന്ന് അവിടെ പുതുതായി തുടങ്ങിയ ഇടവകയാണ് ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം. 1967 ല്‍ നെല്ലിക്കുറ്റി ഇടവകയിലെ വികാരിയായി രണ്ട് വര്‍ഷം സേവനം ചെയ്തു. 1969 ല്‍ അന്ന് തലശേരി രൂപതയുടെ ഭാഗമായിരുന്ന വയനാട്ടിലെ കോട്ടത്തറ സെന്റ് ആന്റണീസ് പള്ളിയിലും 1973 ല്‍ കൊട്ടിയൂര്‍ ഇടവകയിലും വികാരിയായി. പാല്‍ച്ചുരം, അമ്പായത്തോട് റോഡിന്റെ പണികള്‍ക്കും കൊട്ടിയൂര്‍ ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി കൊണ്ടുവരാനും അദേഹമാണ് നേതൃത്വം നല്‍കിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.