ആലപ്പുഴ: വിപ്ലവ തേജസ് സഖാവ് വി.എസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണില്‍ വിഎസും അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. വി.എസിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്.
വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും എത്തിയപ്പോള്‍ പതിനായിരങ്ങളാണ് കാണാനെത്തിയത്. പ്രിയ നേതാവിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി. പാതയോരങ്ങളില്‍ അവര്‍ മനുഷ്യക്കോട്ടകള്‍ തീര്‍ത്തു. ഇടിമുഴക്കത്തിന്റെ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ഇന്ന് രാവിലെ ഏഴോടെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കള്‍ വിഎസിന് വേണ്ടി കാത്തുനിന്നു. ഇടയ്ക്കിടെ ചാറിയും കനത്തും പെയ്ത മഴയെ കാര്യമാക്കാതെ വഴിയോരങ്ങള്‍ ജനങ്ങളെക്കൊണ്ടു നിറഞ്ഞു.
ഉച്ചയ്ക്ക് 12: 15 ഓടെയാണ് ഭൗതിക ശരീരം വേലിക്കകത്ത് വീട്ടിലെത്തിയത്. കുടുംബാംഗങ്ങള്‍ മാത്രമായി പത്ത് മിനിറ്റ് സമയം. പിന്നെ പൊതുദര്‍ശനം തുടങ്ങി. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നിര നാല് കിലോമീറ്ററോളം നീണ്ടു. കനത്ത മഴയിലും ഉള്ളുപൊള്ളുന്ന സങ്കടത്തോടെ അവര്‍ പ്രിയ സഖാവിന് അവസാനത്തെ അഭിവാദ്യം അര്‍പ്പിച്ചു. 2:40 ഓടെ വീട്ടിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. ഏറെക്കാലം വി.എസിന്റെ രണ്ടാം വീടായിരുന്ന ഡിസി ഓഫിസ് പ്രിയ നേതാവിനെ അവസാനമായി സ്വീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ മാത്രമായിരിക്കും അവിടെ അന്ത്യാഭിവാദ്യമര്‍പ്പിക്കുക എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിഎസിന് ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
നാലേമുക്കാലോടെ ഡിസിയില്‍നിന്ന് വിലാപ യാത്ര റിക്രിയേഷന്‍ മൈതാനത്തേക്ക് നീങ്ങി. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും സാധാരണക്കാരും അടക്കം അവിടെ കാത്തുനിന്നത് പതിനായിരങ്ങളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, മന്ത്രിമാര്‍ എന്നിവരടക്കമുള്ള നേതൃനിര അവിടെ പൊതുദര്‍ശനത്തിന് നേതൃത്വം നല്‍കി. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.