കൊച്ചി: ഗുരുവായൂരിലെത്തി മോഷണം നടത്തുക എന്നതായിരുന്നു ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ പ്രാഥമിക ലക്ഷ്യം. കവര്‍ച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
റെയിവേ സ്റ്റേഷന്‍ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താന്‍ തളാപ്പില്‍ എത്തിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ജയിലിനുള്ളില്‍ വച്ച് പുറത്തുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നതായി ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തും. ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ വീഴ്ചയും പരിശോധിക്കുന്നുണ്ട്.
അതിനിടെ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിറങ്ങി. നാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമി ഇതിനായി ഒന്നര മാസത്തെ ആസൂത്രണമാണ് നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
ജയിലിന്റെ അഴികള്‍ മുറിക്കാന്‍ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി പറഞ്ഞു. ഇതിനായി ഗ്രില്‍ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്
മുറിച്ചതിന്റെ പാടുകള്‍ പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണികൊണ്ട് കെട്ടിവച്ചതായും മൊഴി നല്‍കി. ജയിലിന്റെ മതില്‍ ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ തളാപ്പില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.