കണ്ണൂര്‍: മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു തന്റെ ജയില്‍ചാട്ടമെന്ന് കൊടും കുറ്റവാളി ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. പരാജയപ്പെട്ട ജയില്‍ചാട്ടത്തിന് ശേഷം പിടിയിലായ ഗോവിന്ദച്ചാമി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജയില്‍ചാട്ടത്തേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിന്റെ നാല് കമ്പികള്‍ മുറിച്ചു നീക്കിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പുറത്ത് കടന്നത്. എട്ട് മാസം കൊണ്ടായിരുന്നു കമ്പികള്‍ മുറിച്ചുമാറ്റിയതെന്നും ഗോവിന്ദച്ചാമി പറയുന്നു. മുറിച്ചുമാറ്റിയ കമ്പികള്‍ കെട്ടിവെച്ചിരുന്നു. കമ്പി മുറിച്ചത് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാനായിരുന്നു ഇത്. നൂല് ഉപയോഗിച്ചായിരുന്നു കെട്ടിവെച്ചതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ജയില്‍ചാട്ടത്തിന് മാതൃകയാക്കിയത് റിപ്പര്‍ ജയാനന്ദനെ ആയിരുന്നെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയില്‍ പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേയാണ് കമ്പികള്‍ മുറിച്ചുമാറ്റി റിപ്പര്‍ ജയാനന്ദന്‍ തടവുചാടിയത്. രാത്രി സമയത്ത് ഉറങ്ങിയിരുന്നില്ലെന്നും പകരം കമ്പികള്‍ മുറിച്ചുമാറ്റുന്ന ജോലി ചെയ്യുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. പകല്‍ സമയത്തായിരുന്നു ഉറക്കം. കമ്പി മുറിക്കുന്നതിന്റെ ശബ്ദം ആരും കേള്‍ക്കാതിരിക്കാനും ശ്രദ്ധിച്ചു.ഇതിന്റെ ഭാഗമായി ആദ്യം ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ ശബ്ദമുണ്ടാക്കി നോക്കി. ആരും അത് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതോടെ കമ്പി മുറിക്കാന്‍ ആരംഭിച്ചു.
ബിസ്‌കറ്റിന്റെ കവര്‍ സൂക്ഷിച്ച് വെച്ചിരുന്നു. ജയില്‍ മതിലിന്റെ മുകളിലെ വൈദ്യുത വേലിയില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ ഈ കൂട് ഉപയോഗിച്ച് അതില്‍ പിടിച്ചാണ് ഇറങ്ങിയതെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ജയില്‍ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.