തിരുവനന്തപുരം: ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജറംഗ്ദളിന്റെ വ്യജ ആരോപണത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ രാജ്യമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.
തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാര്‍ഢ്യ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവയുടെ നേതൃത്വത്തില്‍ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയായിരുന്നു റാലി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പ് ക്രിസ്തുദാസ് മറ്റ് സഭാ മേലധ്യക്ഷന്മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
സന്യാസിമാര്‍ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ സഭകളുടെ സംയുക്ത റാലി നടന്നത്. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.

സന്യാസിനിമാര്‍ മതേതര ഭാരതത്തിന് അഭിമാനമാണെന്ന് മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ പറഞ്ഞു. അവരുടെ സേവനങ്ങളാണ് പതിനായിരക്കണക്കിന് ആളുകളെ മുഖ്യധാരയിലേക്കു നയിച്ചത്. അവരുടെ സേവനം ആര്‍ഷ ഭാരതത്തിന് അവിഭാജ്യ ഘടകമാണ്. ഒരു കല്‍ത്തുറങ്കിനും അതിനെ ഭേദിക്കുവാന്‍ സാധിക്കില്ലെന്നും അദേഹം പറഞ്ഞു.
ദുര്‍ഗിലെ സെഷന്‍സ് കോടതി കന്യാസ്ത്രീമാരുടെ ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു വിഭാഗം ആഹ്ലാദിക്കുന്നത് കണ്ടത് ഏറെ സങ്കടകരമായി. ഇതാണോ മതേതര ജനാധിപത്യമെന്നും കത്തോലിക്ക ബാവ ചോദിച്ചു.
സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്ന്യാസ സഭയിലെ സിസ്റ്റര്‍മാരായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരാണ് മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ഗാര്‍ഹിക ജോലികള്‍ക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു വെക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.