'വയോധികരായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ചുമതല'; നൂറ് വയസുകാരിക്ക് പ്രതിമാസം 2000 രൂപ ജീവനാംശം നല്‍കാന്‍ മകനോട് നിര്‍ദേശിച്ച് ഹൈക്കോടതി

'വയോധികരായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ചുമതല'; നൂറ് വയസുകാരിക്ക് പ്രതിമാസം 2000 രൂപ ജീവനാംശം നല്‍കാന്‍ മകനോട് നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: വയോധികരായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ചുമതലയെന്ന് കേരള ഹൈക്കോടതി. നൂറ് വയസുകാരിക്ക് പ്രതിമാസം രണ്ടായിരം രൂപ ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ടുകൊണ്ടായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

2022 ലെ കുടുംബ കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. 57 കാരനായ മകനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിറക്കിയത്.

'അമ്മയെ പരിപാലിക്കേണ്ടത് ഓരോ മകന്റെയും കടമയാണ്. അത് ഒരു ദാനധര്‍മ്മമല്ല,' എന്ന് വ്യക്തമാക്കിയ കോടതി 2022 ലെ കുടുംബ കോടതി ഉത്തരവിനെതിരെ മകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. 'കുടുംബ കോടതിയില്‍ മകന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന സമയത്ത്, ഹര്‍ജിക്കാരന്റെ അമ്മയ്ക്ക് 92 വയസായിരുന്നു, ഇപ്പോള്‍ അവര്‍ക്ക് 100 വയസായി. മകനില്‍ നിന്ന് ജീവനാംശം പ്രതീക്ഷിച്ച് ജീവിക്കുകയാണ് അവര്‍. ഒരു മകന്‍ 100 വയസുള്ള അമ്മയുമായി വഴക്കിടുന്ന ഈ സമൂഹത്തില്‍ അംഗമായി എന്നത് കൊണ്ട് തന്നെ, 2000 രൂപ പ്രതിമാസ ജീവനാംശം നിഷേധിക്കുന്നതില്‍ ഞാന്‍ വളരെയധികം ലജ്ജിക്കുന്നു എന്നും'- ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് പറഞ്ഞു.

5000 രൂപ പ്രതിമാസ ജീവനാംശം ആവശ്യപ്പെട്ടായിരുന്നു മകനെതിരെ അമ്മ കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ ജീവനാംശം നല്‍കാന്‍ തയ്യാറല്ലെന്നും തന്നോടൊപ്പം താമസിച്ചാല്‍ അവരെ പരിപാലിക്കാന്‍ തയാറാണെന്നുമായിരുന്നു മകന്റെ വാദം. ഇത് തള്ളിയായിരുന്നു ജീവനാംശം നല്‍കാന്‍ കുടുംബകോടതി ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് പാലിക്കാതിരിക്കുകയും ജീവനാംശം നല്‍കാത്തതിരുന്നതോടെ മകനെതിരെ റിക്കവറി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.