കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെസ്റ്റ് സെക്രട്ടറി

കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെസ്റ്റ് സെക്രട്ടറി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി (വെസ്റ്റ്)ആയി നിയമിതനായി. കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ജപ്പാനിലെ നിലവിലെ അംബാസഡറുമായ സിബി ജോര്‍ജിനെ പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ചയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ വെസ്റ്റ് സെക്രട്ടറി ആയി നിയമിച്ചത്.

2025 ഓഗസ്റ്റ് 31 ന് വിരമിക്കുന്ന തന്മയ ലാലിന് പകരമായാണ് 1993 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസര്‍ സിബി ജോര്‍ജിനെ വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ നിയമന സമിതി അംഗീകാരം നല്‍കിയത്.

ഒരു കരിയര്‍ നയതന്ത്രജ്ഞനായ സിബി ജോര്‍ജ് മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോളി സീ, ലിച്ചെന്‍സ്‌റ്റൈന്‍ പ്രിന്‍സിപ്പാലിറ്റി, കുവൈറ്റ് എന്നിവിടങ്ങളിലെ രാജ്യത്തിന്റെ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെയുള്ള എംഇഎ ആസ്ഥാനത്ത് അദേഹം കിഴക്കന്‍ ഏഷ്യ ഡിവിഷനിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് സിബി ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്റ്റില്‍ ആയിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ആയും തുടര്‍ന്ന് അമേരിക്കയില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്സ്യല്‍ കൗണ്‍സിലറുമായും പ്രവര്‍ത്തിച്ചു.

സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഈസ്റ്റ്-ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. അറബി ഭാഷയിലും നല്ല പ്രാവീണ്യം നേടിയിട്ടുള്ള സിബി ജോര്‍ജ് ഐ.എഫ്.എസില്‍ മികച്ച സേവനത്തിനുള്ള എസ് .കെ.സിങ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിന് 2014 ല്‍ അര്‍ഹനായിരുന്നു.

കോട്ടയം ജില്ലയിലെ പാലയിലാണ് ജനിച്ചത്. പൊടിമറ്റം കുടുംബാംഗമായ ഇദേഹത്തിന്റെ ഭാര്യ ജോയ്സ് ജോണ്‍. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്. 


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.