'ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍, ചിലരുടെ വീട്ടു നമ്പര്‍ പൂജ്യം, പിതാവിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍': തട്ടിപ്പിന്റെ തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

'ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍, ചിലരുടെ വീട്ടു നമ്പര്‍ പൂജ്യം, പിതാവിന്റെ സ്ഥാനത്ത്  അക്ഷരങ്ങള്‍': തട്ടിപ്പിന്റെ   തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യം അട്ടിമറിയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി.

വ്യാജ വിലാസങ്ങളില്‍ നിരവധി വോട്ടര്‍മാര്‍, ഒരേ വിലാസത്തില്‍ ആയിരക്കണക്കിന് വോട്ടര്‍മാര്‍. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെ ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടര്‍ പട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും വ്യക്തമാക്കുന്ന തെളിവുകളും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചു

ചില കണക്കുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുണ്ട് എന്ന് പറഞ്ഞാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ ചില തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചു കളഞ്ഞു. മഹാരാഷ്ട്രയില്‍ അസാധാരണ പോളിങാണ് നടന്നത്.

അഞ്ച് മണി കഴിയുമ്പോള്‍ വോട്ടിങ് ശതമാനം കുതിച്ചുയരുകയാണ്. കുറച്ച് കാലമായി ജനങ്ങളിലും സംശയം ഉയരുകയാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത വേണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുകയാണ്.

40 ലക്ഷം ദുരൂഹ വോട്ടര്‍മാരാണ് മഹാരാഷ്ട്രയിലുള്ളത്. ഇവിടുത്തെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മീഷന്‍ വോട്ടര്‍ പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞപ്പോള്‍ നശിപ്പിച്ചു. ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണെന്ന തന്റെ ആരോപണം രാഹുല്‍ ഇന്നും ആവര്‍ത്തിച്ചു.

എല്ലാ മണ്ഡലത്തിലും ഇരട്ട വോട്ടര്‍മാര്‍. വ്യാജ വിലാസങ്ങളില്‍ നിരവധി പേരുണ്ട്. ഇല്ലാത്ത വോട്ടര്‍മാരെ പട്ടികയില്‍ തിരുകി കയറ്റുകയാണ്. വീട്ടു നമ്പര്‍ '0' എന്ന് രേഖപ്പെടുത്തിയ ഒരുപാട് പേരുണ്ട്. ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രം. 68 പേര്‍ക്ക് ഒരു വ്യവസായ സ്ഥാപനത്തിന്റെ മേല്‍ വിലാസം. ഒരു മണ്ഡലത്തില്‍ മാത്രം 40,000 ത്തിലധികം വ്യാജ വോട്ടര്‍മാര്‍.

കര്‍ണാടകയിലും ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലിന് കീഴിലെ മഹാദേവപുര മണ്ഡലത്തില്‍ മാത്രം നടന്നത് വലിയ തിരിമറിയാണ്. ഒരു ലക്ഷത്തിലധികം വോട്ടുകളാണ് പല മാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചത്. 25 സീറ്റില്‍ ബിജെപി ജയിച്ചത് 33,000 ത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് രാഹുല്‍ പറയുന്നത്. ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്. വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി. മുപ്പതും അമ്പതുമൊക്കെയായി ഒരേ വിലാസത്തില്‍ ഇങ്ങനെ 10,452 വോട്ടര്‍മാരെ ചേര്‍ത്തു. വ്യാജ ഫോട്ടോയില്‍ 4,132 വോട്ടര്‍മാരും ഫോം 6 ദുരുപയോഗം ചെയ്ത് 33,692 വോട്ടമാരേയും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.