'യുദ്ധക്കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ പോലെയാണ് പാകിസ്ഥാന്‍ പെരുമാറുന്നത്'.
വാഷിങ്ടണ്‍: പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണ് അസിം മുനീറെന്ന് അദേഹം മുനീറിനെ പരിഹസിച്ചു.
യുദ്ധക്കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ പോലെയാണ് പാകിസ്ഥാന്‍ പെരുമാറുന്നതെന്ന് പറഞ്ഞ മൈക്കല്‍ റൂബിന്‍, മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ ഭീകര സംഘടനയായ ഐ.എസിനെ ഓര്‍മിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. അമേരിക്കയിലെത്തി ഇന്ത്യക്കെതിരെ ആണവ യുദ്ധ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് മൈക്കല്‍ റൂബിന്‍ അസിം മുനീറിനെ രൂക്ഷമായി വിമര്‍ശിച്ചത്.
അമേരിക്കന്‍ മണ്ണില്‍ വെച്ച് പാകിസ്ഥാന്‍ നടത്തിയ ഭീഷണികള്‍ അംഗീകരിക്കാനാവില്ലെന്ന് റൂബിന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നാറ്റോയ്ക്ക് പുറത്തുള്ള അമേരിക്കയുടെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്‌പോണ്‍സറായി പ്രഖ്യാപിക്കണമെന്നും റൂബിന്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍ സ്വയം വിശദീകരിച്ച് ക്ഷമാപണം നടത്തുന്നതു വരെ ഒരു പാക് ഉദ്യോഗസ്ഥനും അമേരിക്കന്‍ വിസ നല്‍കരുത്. പാക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യു.എസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാതിരുന്നതിനെയും റൂബിന്‍ ചോദ്യം ചെയ്തു.
അസിം മുനീറിനെ ഉടന്‍ തന്നെ യോഗത്തില്‍ നിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നു. പാകിസ്ഥാനുമായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങള്‍ സ്വാധീനിച്ചേക്കാമെന്നും ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങി വച്ച യു.എസ്-ഇന്ത്യ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കല്‍ റൂബിന്‍ കുറ്റപ്പെടുത്തി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.