തൃശൂര്‍: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു ടി.എന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം. പരാതി ഫയലില്‍ സ്വീകരിച്ചതായി കമ്മീഷണര്‍ അറിയിച്ചു.
തൃശൂര്‍ എസിപിക്കാണ് അന്വേഷണച്ചുമതല. നിയമോപദേശം അടക്കം തേടുമെന്നും കമ്മീഷണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യവാങ്മൂലം നല്‍കി നിയമവിരുദ്ധമായാണ് തൃശൂര്‍ മണ്ഡത്തിലെ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തതെന്നാണ് പരാതി.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറില്‍ സ്ഥിര താമസക്കാരാണെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം ഡിവിഷനില്‍ അദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകള്‍ അദേഹം കേന്ദ്രമന്ത്രിയായതിന് ശേഷം നടന്ന റിവിഷനിലും അതേപടി തുടരുന്നുവെന്നത് അദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണെന്നും ടി.എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപി 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് 115-ാം നമ്പര്‍ ബൂത്തില്‍ ഏറ്റവും അവസാനമായി വോട്ട് ചേര്‍ത്തത്.
വോട്ട് ചേര്‍ക്കുമ്പോള്‍ സ്ഥിര താമസക്കാരനാണെന്ന രേഖയും സത്യാ പ്രസ്താവനയും രേഖയും നല്‍കണം. ശാസ്തമംഗലം ഡിവിഷനില്‍ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരില്‍ നല്‍കിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാര്‍ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനം ഉള്‍പ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തില്‍ ചേര്‍ത്തതെന്നും പ്രതാപന്‍ പറഞ്ഞു.
ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചും സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മുന്‍ എംപി ടി.എന്‍ പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
സുരേഷ് ഗോപി സമാനമായ രീതിയില്‍ ഇത്തരത്തില്‍ മറ്റൊരു കേസില്‍ വിചാരണ നേരിടുന്ന പ്രതി കൂടിയാണ്. വ്യാജ സത്യവാങ്മൂലം നല്‍കി അനര്‍ഹനായി വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയ ഒരാള്‍ക്ക് ജനപ്രതിനിധി ആയി തുടരാന്‍ അവകാശമില്ല. സുരേഷ് ഗോപിയും കുടുംബവുമുള്‍പ്പെടെ നിരവധി വ്യാജ വോട്ടര്‍മാരാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കയറിക്കൂടിയത്. ഈ വോട്ടര്‍മാരെ അടിയന്തിരമായി നീക്കം ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. ഇത് സംബന്ധിച്ചു പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനും എഐസിസി അംഗം അനില്‍ അക്കരക്കുമൊപ്പം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ടി.എന്‍ പ്രതാപന്‍ പരാതി നല്കിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.