'തീരുവ പ്രശ്‌ന പരിഹാരത്തിന്, മോഡി ട്രംപിനെ രണ്ട് തവണ നൊബേലിന് ശുപാര്‍ശ ചെയ്താല്‍ മതി'; പരിഹാസവുമായി യു.എസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

'തീരുവ പ്രശ്‌ന പരിഹാരത്തിന്,  മോഡി ട്രംപിനെ രണ്ട് തവണ നൊബേലിന് ശുപാര്‍ശ ചെയ്താല്‍ മതി'; പരിഹാസവുമായി യു.എസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: തീരുവ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകണമെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രണ്ട് തവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍ മതിയെന്ന പരിഹാസവുമായി യു.എസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. റഷ്യയില്‍ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ട് എന്നാല്‍. ചൈന ഇത്തരത്തില്‍ ഒരു തീരുവ പ്രതിസന്ധി നേരിടേണ്ടിവരുന്നില്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.

ഡൊണാള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 50 ശതമാനം തീരുവയെന്ന സമീപനം പിന്തിരിപ്പന്‍ നടപടിയാണെന്ന് മാത്രമല്ല ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് ജോണ്‍ ബോള്‍ട്ടണ്‍ എന്‍ഡിടിവി ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

മാത്രമല്ല താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാനേയും അദേഹം വിമര്‍ശിച്ചു. ട്രംപിന് കളിക്കാന്‍ മികച്ച കളമൊരുക്കുകയാണ് പാക് സര്‍ക്കാരും സൈനിക മേധാവി അസിം മുനീറും ചെയ്യുന്നതെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടുവെന്നും നിര്‍ണായക ഇടപെലായിരുന്നു ഇതെന്നും ചൂണ്ടിക്കാട്ടി ട്രംപിനെ നൊബേലിന് ശുപാര്‍ശ ചെയ്യുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. നൊബേലിന് അര്‍ഹനാണ് താന്‍ എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുമായി ട്രംപും രംഗത്തെത്തിയിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഉക്രെയ്ന്‍ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ 50 ശതമാനമാക്കി യുഎസ് ഉയര്‍ത്തിയിരുന്നു. ഇത് ഓഗസ്റ്റ് 27 നാണ് നിലവില്‍ വരുന്നത്. അതിന് മുന്‍പ് വ്യാപാരക്കരാറിലെത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നടന്നുവരുകയാണെന്നാണ് റിപ്പോര്‍ട്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.