'അമേരിക്ക ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു; ട്രംപ് ജനാധിപത്യത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹ': ആര്‍.എസ്.എസ് മുഖപത്രം

'അമേരിക്ക ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു; ട്രംപ് ജനാധിപത്യത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹ': ആര്‍.എസ്.എസ് മുഖപത്രം

ന്യൂഡല്‍ഹി: അമേരിക്കയെ നിശിതമായി വിമര്‍ശിച്ച് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വ്യാജേന അമേരിക്ക ഭീകരതയും സ്വേച്ഛാധിപത്യവും പ്രചരിപ്പിക്കുകയാണ്.

ഡൊണാള്‍ഡ് ട്രംപ് ജനാധിപത്യത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹയെന്നും ഓര്‍ഗനൈസര്‍ മുഖ പ്രസംഗം വിമര്‍ശിച്ചു. ട്രംപിന്റെ വ്യാപാര യുദ്ധങ്ങളും തീരുവകളും മറ്റു രാഷ്ട്രങ്ങളുടെ പരമാധികാരത്തില്‍ ഇടപെടാനും ദുര്‍ബലപ്പെടുത്താനുമുള്ള പുതിയ ഉപകരണങ്ങളായി മാറി.

ഇന്ത്യയോട് ഇടയുന്ന ട്രംപിനെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതിനിടെയാണ് നിലപാട് മാറ്റത്തിന്റെ സ്വരവുമായി ആര്‍.എസ്.എസ് മുഖപത്രം രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഐക്യരാഷ്ട്ര സഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അപ്രസക്തമാണെന്നും രാജ്യത്തെ ചില രാഷ്ട്രീയ നേതാക്കള്‍ കോളനിവല്‍ക്കരണത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ് തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. സമയ പരിധിക്ക് മുമ്പ് യു.എസുമായി ഒരു വ്യാപാര കരാറിനായി ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സെപ്റ്റംബറില്‍ യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ പോകുന്ന മോഡി ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോട്ടുകള്‍. താരിഫ് ഉള്‍പ്പെടെയുള്ള വ്യാപാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കാം. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ അധിക തീരുവകളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അകല്‍ച്ച ലഘൂകരിക്കാനാണ് ഇന്ത്യയുടെ ശ്രമം.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.