വോട്ടുമോഷണം: ബിഹാറില്‍ 'വോട്ടര്‍ അധികാര്‍ യാത്ര'യുമായി രാഹുല്‍ ഗാന്ധി; ഓഗസ്റ്റ് 17 ന് തുടങ്ങി 30 ന് സമാപനം

വോട്ടുമോഷണം:  ബിഹാറില്‍ 'വോട്ടര്‍ അധികാര്‍ യാത്ര'യുമായി രാഹുല്‍ ഗാന്ധി; ഓഗസ്റ്റ് 17 ന് തുടങ്ങി 30 ന് സമാപനം

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുനപരിശോധനയ്‌ക്കെതിരെ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്.ഐ.ആര്‍) 'വോട്ടര്‍ അധികാര്‍ യാത്ര'യുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

'ഓഗസ്റ്റ് 17 മുതല്‍ 'വോട്ടര്‍ അധികാര്‍ യാത്ര'യിലൂടെ വോട്ടു മോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണില്‍ നിന്ന് തുടക്കം കുറിക്കുകയാണ്'-രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

വോട്ടുമോഷണം കേവലം തിരഞ്ഞെടുപ്പു വിഷയമല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും 'ഒരാള്‍ക്ക് ഒരു വോട്ട്' എന്ന തത്വത്തെയും സംരക്ഷിക്കാനുള്ള നിര്‍ണായക പോരാട്ടമാണിത്. രാജ്യമെമ്പാടും കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുമെന്നും രാഹുല്‍ എക്സിലെ കുറിപ്പില്‍ പറഞ്ഞു.

യുവാക്കളോടും തൊഴിലാളികളോടും കര്‍ഷകരോടും എല്ലാ പൗരന്മാരോടും വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാകാനും രാഹുല്‍ അഭ്യര്‍ഥിച്ചു. ഇത്തവണ വോട്ടുകള്ളന്മാര്‍ പരാജയപ്പെടുമെന്നും ജനങ്ങളുടെയും ഭരണഘടനയുടെയും വിജയം സാധ്യമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ സംസ്ഥാനത്തുടനീളം വോട്ടര്‍ അധികാര്‍ യാത്ര നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എക്സിലെ കുറിപ്പില്‍ അറിയിച്ചു.

സാസാരാമില്‍ നിന്ന് ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന യാത്ര ഗയ, മുംഗേര്‍, ഭഗല്‍പൂര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകും. മുപ്പതിന് അറയില്‍ എന്ന സ്ഥലത്താണ് യാത്ര സമാപിക്കുക. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.