ടെല്‍ അവീവ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലുള്ള പാലസ്തീന്‍ പൗരന്‍മാരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ചര്‍ച്ചകള്‍ നടത്തി വരുന്നതായി അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോര്‍ട്ട് ചെയ്തു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരമാണിതെന്ന് എ.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഫെബ്രുവരിയില്‍ സൂചിപ്പിച്ചതിന് സമാനമായ പദ്ധതിയാണിത്. ഗാസയില്‍ നിന്ന് പാലസ്തീനികളെ മുഴുവന്‍ ഒഴിപ്പിച്ച് അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കാം എന്ന സൂചനയാണ് ട്രംപ് നല്‍കിയത്. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളെല്ലാം ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തിരുന്നു.
പാലസ്തീനില്‍ രണ്ട് രാജ്യങ്ങള്‍ രൂപീകരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്നാണ് സൗദി അറേബ്യയുടെ നിലപാട്. ദ്വിരാഷ്ട്ര പരിഹാരത്തിന് പാലസ്തീന്‍ അതോറിറ്റിയും പാലസ്തീന്‍ സംഘടനകളും തയ്യാറാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇതിനോട് യോജിക്കുന്നില്ല.
ഗാസയിലെ ഭൂരിഭാഗം ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കുക എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 'സ്വമേധയാ ഉള്ള കുടിയേറ്റം' എന്നാണ് നെതന്യാഹു ഇതിനെ വിശേഷിപ്പിക്കുന്നത്. സമാനമായ പുനരധിവാസ നിര്‍ദേശങ്ങള്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഇസ്രയേല്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
'എനിക്കറിയാവുന്ന യുദ്ധ നിയമങ്ങള്‍ അനുസരിച്ച് പോലും, ചെയ്യേണ്ട ശരിയായ കാര്യം ജനങ്ങളെ അവിടം വിട്ടുപോകാന്‍ അനുവദിക്കുക എന്നതാണ്. തുടര്‍ന്ന് അവിടെ അവശേഷിക്കുന്ന ശത്രുവിനെതിരെ സര്‍വ്വശക്തിയുമെടുത്ത് പോരാടുക' - ഇസ്രയേലി ടി.വി സ്റ്റേഷനായ ഐ 24ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ അഭിമുഖത്തില്‍ അദേഹം ദക്ഷിണ സുഡാന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.
അതേസമയം പാലസ്തീനികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രയേലുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ദക്ഷിണ സുഡാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
സുഡാന്റെ ഭാഗമായിരുന്നു ദക്ഷിണ സുഡാന്‍. നീണ്ട കാലത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് രാജ്യം വിഭജിക്കപ്പെട്ടതും ദക്ഷിണ സുഡാന്‍ രൂപീകരിച്ചതും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.