റെയില്‍വേ സ്റ്റേഷനുകളില്‍ ലഗേജുകള്‍ തൂക്കിനോക്കും: അധിക ഭാരത്തിന് കൂടുതല്‍ ചാര്‍ജ്; കേരളത്തില്‍ ഏഴ് സ്റ്റേഷനുകളില്‍ നിയന്ത്രണം

റെയില്‍വേ സ്റ്റേഷനുകളില്‍ ലഗേജുകള്‍ തൂക്കിനോക്കും: അധിക ഭാരത്തിന് കൂടുതല്‍ ചാര്‍ജ്; കേരളത്തില്‍ ഏഴ് സ്റ്റേഷനുകളില്‍ നിയന്ത്രണം

ന്യൂഡല്‍ഹി: വിമാന യാത്രയിലെ പോലെ കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ അധിക ലഗേജുമായി വരുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. അന്താരാഷ്ട്ര മാതൃകയില്‍ വികസിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ നിയന്ത്രണം വരിക. ഇത്തരത്തില്‍ രാജ്യത്ത് 100 സ്റ്റേഷനുകളുണ്ട്.

യാത്രക്കാര്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷീനുകള്‍ വഴി അവരുടെ ലഗേജ് കൈമാറണം. അനുവദനീയമായ പരിധിക്കപ്പുറം ബാഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. കേരളത്തില്‍ ഏഴ് സ്റ്റേഷനുകളിലാണ് നിയന്ത്രണം വരിക. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, കൊല്ലം, എറണാകുളം ടൗണ്‍, വര്‍ക്കല എന്നി സ്റ്റേഷനുകളിലാണ് ലഗേജ് തൂക്കിനോക്കുന്നതിനും മറ്റും സംവിധാനം വരാന്‍ പോകുന്നത്.

സ്‌കാനിങ്, ലഗേജ് തൂക്കി നോക്കല്‍ അടക്കം കര്‍ശന ബാഗേജ് നിയന്ത്രണങ്ങള്‍ റെയില്‍വേ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50 കിലോ, എസി ത്രീ ടയര്‍, സ്ലീപ്പര്‍ ക്ലാസിന് 40 കിലോ, ജനറല്‍ ക്ലാസിന് 35 കിലോ എന്നിങ്ങനെയാണ് യാത്രക്കാര്‍ക്കൊപ്പം അനുവദിക്കാന്‍ പോകുന്ന ലഗേജ് ഭാരം. ഫസ്റ്റ് ക്ലാസില്‍ അധിക തുക നല്‍കി 150 കിലോ വരെ കൊണ്ടുപോകാം. തേര്‍ഡ് എസിയില്‍ അധിക തുക നല്‍കി 40 കിലോ വരെ കൊണ്ടുപോകാനും അനുവദിക്കും.

സ്ലീപ്പര്‍ കോച്ചില്‍ അധിക തുക നല്‍കി കൊണ്ടുപോകാന്‍ കഴിയുക 80 കിലോ വരെ ലഗേജ് ആണ്. ഈ സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ നിശ്ചിത പരിധിക്കുള്ളിലാണ് എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.