പാകിസ്ഥാനിൽ ക്രിസ്ത്യൻ തടവുകാർ നേരിടുന്നത് കൊടിയ പീഡനം; ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത് 700ലധികം ക്രൈസ്തവർ

പാകിസ്ഥാനിൽ ക്രിസ്ത്യൻ തടവുകാർ നേരിടുന്നത് കൊടിയ പീഡനം; ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത് 700ലധികം ക്രൈസ്തവർ

ഇസ്ലാമാബാദ്: മതനിന്ദാ ആരോപണത്തെ തുടർന്ന് പാകിസ്ഥാനിൽ നൂറുകണക്കിന് ആളുകൾ ജയിലിലായിട്ടുണ്ട്. കുറ്റാരോപിതരായവർ ഹിന്ദുമതം, ക്രിസ്തുമതം തുടങ്ങിയ ന്യൂനപക്ഷ മതങ്ങളിൽപെട്ടവരാണ്. പാകിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് കീഴിലുള്ള ദേശീയ നീതി,സമാധാന കമ്മീഷൻ മൂന്നു വർഷത്തെ പഠനത്തിനൊടുവിൽ തയാറാക്കിയ "ഹോപ്പ് ബിഹൈൻഡ് ബാർസ്" (അഴികൾക്ക് പിന്നിലെ പ്രത്യാശ) എന്ന റിപ്പോർട്ടിലാണ് ഈ ദുരവസ്ഥ തുറന്നുകാട്ടുന്നത്.

പാകിസ്ഥാനിൽ ഏകദേശം 66,000 തടവുകാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 128 ജയിലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മുസ്ലീങ്ങളല്ലാത്ത തടവുകാരുടെ ഔദ്യോഗിക കണക്കുകൾ പരസ്പരം പൊരുത്തപ്പെടുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാകിസ്ഥാനിലെ പഞ്ചാബ് ജയിൽ വിഭാഗത്തിന്റെ കണക്കിൽ വിവിധ ജയിലുകളിലായി 1,180 അമുസ്ലീം തടവുകാരുണ്ടെന്ന് പറയുമ്പോൾ ലാഹോറിലെ കോട്ട് ലഖ്പത് എന്ന ഒരൊറ്റ ജയിലിൽ മാത്രം 500-ൽ അധികം ക്രിസ്ത്യൻ തടവുകാരുണ്ടായിരുന്നുവെന്ന് ഒരു മുൻ തടവുകാരൻ വെളിപ്പെടുത്തി. ഈ വൈരുദ്ധ്യം ന്യൂനപക്ഷ തടവുകാരുടെ യഥാർത്ഥ എണ്ണം മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ എന്ന സംശയം ബലപ്പെടുത്തുന്നു.

ജയിലുകളിലെ തിക്കും തിരക്കും ശുദ്ധജലത്തിൻ്റെയും ഭക്ഷണത്തിൻ്റെയും അഭാവം ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പൊതുവായ പ്രശ്നങ്ങൾ ന്യൂനപക്ഷ തടവുകാരെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മതനിന്ദാ നിയമങ്ങൾ തീവ്രമായിട്ടുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് പാകിസ്ഥാൻ. ദൈവനിന്ദ നടത്തുന്നവർക്ക് 10 വർഷം മുതൽ വധശിക്ഷ വരെ തടവ് ശിക്ഷ നൽകണമെന്ന് രാജ്യത്തിന്റെ ശിക്ഷാനിയമം നിർദേശിക്കുന്നു.

പാകിസ്ഥാനിൽ എഴുനൂറിലധികം ക്രൈസ്തവർ ഇപ്പോഴും വധശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നുണ്ട്. പലരും എപ്പോൾ മോചിപ്പിക്കപ്പെടുമെന്നു പോലും അറിയാതെ ജയിലിൽ തുടരുകയാണ്.

ഖുർആൻ മനപാഠമാക്കുന്നതിലൂടെയും റമദാൻ വ്രതം ആചരിക്കുന്നതിലൂടെയും തടവുകാർക്ക് ശിക്ഷാ ഇളവ് ലഭിക്കുമെങ്കിലും ക്രിസ്ത്യാനികൾ ക്രിസ്തുവിനെ നിരസിക്കുന്നതിനു പകരം ക്രൂരമായ ശിക്ഷ സഹിക്കാൻ തിരഞ്ഞെടുത്ത് അവരുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.