കൊച്ചി: കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവന്‍ പൊലീൂസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.
ഒന്നാം പ്രതി ജിതകുമാറിന് സിബിഐ കോടതി വിധിച്ച വധശിക്ഷ ഉള്‍പ്പെടെ ഹൈക്കോടതി റദ്ദാക്കി. 2018 ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ശ്രീകുമാര്‍ നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് ഇപ്പോള്‍ കോടതി വെറുതെ വിട്ടത്.
മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 സെപ്തംബര്‍ 29 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മോഷണം ആരോപിച്ചായിരുന്നു പൊലീസ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
അപ്പോള്‍ 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ. ജിതകുമാര്‍, എസ്.വി ശ്രീകുമാര്‍, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികള്‍. ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ല്‍ വധശിക്ഷ വിധിച്ചു. ഇതില്‍ ശ്രീകുമാര്‍ 2020 ല്‍ മരിച്ചു.
അഞ്ചു മുതല്‍ ഏഴ് വരെ പ്രതികളായ അജിത് കുമാര്‍, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. മൂന്ന് വര്‍ഷം തടവായിരുന്നു ഇവര്‍ക്ക് ശിക്ഷ. കൊല നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐയും സാബു സി.ഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മീഷണറും.
മൂന്നാം പ്രതി എഎസ്‌ഐ കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയില്‍ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നാലാം പ്രതി വി.പി മോഹനനെ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ശ്രീകഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സിഐ ആയിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഉദയകുമാറിനൊപ്പം സുഹൃത്ത് സുരേഷ് കുമാറിനേയും കസ്റ്റഡിയിലെടുത്തു.
ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് രാത്രിയാണ് മരിച്ചത്.
വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്നതു കണ്ടു എന്നാണ് ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലീസ് പറഞ്ഞത്. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിലാണ് മര്‍ദനം ഏറ്റ് മരിച്ചതാണെന്നുള്ള വിവരം അറിയുന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നുറുങ്ങിയിരുന്നു. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തയ്യാറായത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.