ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം; നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ച് സെലന്‍സ്‌കി

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം; നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ച് സെലന്‍സ്‌കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ്  ഇരുവരുടേയും സംഭാഷണം. ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ശനിയാഴ്ചയാണ് മോഡിയെ സെലന്‍സ്‌കി വിളിച്ചത്. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചര്‍ച്ച നടത്തിയെന്നാണ് വിവരം.

സെലന്‍സ്‌കി വിളിച്ച വിവരം പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. 'ഇന്നത്തെ ഫോണ്‍ കോളിന് പ്രസിഡന്റ് സെലന്‍സ്‌കിക്ക് നന്ദി. തുടരുന്ന യുദ്ധത്തെക്കുറിച്ചും അതിന്റെ മനുഷ്യത്വ പരമായ വശങ്ങളെക്കുറിച്ചും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള ആശയങ്ങള്‍ പരസ്പരം സംസാരിച്ചു. ഈ രീതിയിലുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകും.'-മോഡി കുറിച്ചു.

അടുത്തിടെ യുഎസ് പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മോഡിയെ അറിയിച്ചതായി സെലന്‍സ്‌കി പറഞ്ഞു. പുടിനുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത ആവര്‍ത്തിച്ചെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാനായി രണ്ടാം തവണയാണ് സെലന്‍സ്‌കി മോഡിയെ ഫോണില്‍ വിളിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.