'സഹയാത്രികര്‍ ജയ് ശ്രീറാം വിളിക്കണം'; മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കിയ അഭിഭാഷകനെതിരെ പരാതി

'സഹയാത്രികര്‍ ജയ് ശ്രീറാം വിളിക്കണം'; മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കിയ അഭിഭാഷകനെതിരെ പരാതി

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ അഭിഭാഷകന്‍ ബഹളമുണ്ടാക്കുകയും ജയ് ശ്രീരാം വിളിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തതിനേത്തുടര്‍ന്ന് വിമാനത്തില്‍ ബഹളം. ഡല്‍ഹി-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ ഇയാള്‍ 'ഹര ഹര മഹാദേവ്' എന്ന് ഉച്ചത്തില്‍ ഉരുവിടുകയും മറ്റ് വിമാന യാത്രികരോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ അഭിഭാഷകന്‍ പെരുമാറിയതോടെ വിമാനത്തിലെ ജീവനക്കാര്‍ ഇടപെടുകയും തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ 30 മിനിറ്റ് വൈകുകയും ചെയ്തു. ശീതളപാനീയത്തിന്റെ കുപ്പിയില്‍ മദ്യവുമായാണ് അഭിഭാഷകന്‍ യാത്രയ്ക്കെത്തിയത്. ഇത് ചോദ്യം ചെയ്ത വിമാന ജീവനക്കാരിയോട് അഭിഭാഷകന്‍ അധിക്ഷേപിച്ചെന്നും ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2025 സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരിലൊരാളുടെ മോശം പെരുമാറ്റം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മദ്യ ലഹരിയിലായിരുന്ന യാത്രക്കാരന്‍ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിമാന യാത്രയ്ക്കിടെയുണ്ടാകുന്ന ഇത്തരം സംഭവങ്ങളോട് യാതൊരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത സമീപനമാണ് ഇന്‍ഡിഗോ സ്വീകരിക്കുന്നതെന്നും വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിമാനം കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതോടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ അഭിഭാഷകനെ ജീവനക്കാര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി. അഭിഭാഷകനെതിരെ വിമാനകമ്പനി പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം വിമാനത്തിലെ ജീവനക്കാരില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടതായി വന്നെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും പരാതി നല്‍കി. തന്റെ കൈയിലുണ്ടായിരുന്നത് ബിയര്‍ ആയിരുന്നെന്നും ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ബിയര്‍ വാങ്ങിയതെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. ബിയര്‍ വാങ്ങിയതിന്റെ രസീതും അഭിഭാഷകന്‍ ഹാജരാക്കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.